election

കൊല്ലങ്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് വടവന്നൂരിൽ ഇടത്-വലത്-എൻ.ഡി.എ മുന്നണികൾ കാഴ്ചവയ്ക്കുന്നത്. 25 വർഷമായി കോൺഗ്രസ് ഭരണത്തിന് കീഴിലാണ് പഞ്ചായത്ത്. 13 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫ്-ആറ്,​ എൽ.ഡി.എഫ്-നാല്,​ എൻ.ഡി.എ-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.

നിലനിറുത്താൻ യു.ഡി.എഫ്

രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റായ സക്കീർ ഹുസൈന്റെ നേതൃത്വത്തിലാണ് വലതുപക്ഷം ഗോദയിൽ ചുവടുറപ്പിക്കുന്നത്. മികച്ച കോൺഗ്രസ് പാരമ്പര്യമാണ് പഞ്ചായത്തിന്റെ പ്രത്യേകതയെങ്കിലും ഗ്രൂപ്പ് വഴക്കും സാധാരണ പ്രവർത്തകർക്ക് അവസരം നിഷേധിച്ചതിലെ പ്രതിഷേധവും പാർട്ടിയെ അലട്ടുന്നു. 35 വർഷം സജീവ പ്രവർത്തകനും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ ലുക്ക്‌മാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായത് മുന്നണിയെ ഞെട്ടിച്ചു.

പിടിച്ചെടുക്കാൻ എൽ.ഡി.എഫ്

ഒരു കാലത്ത് എൽ.ഡി.എഫിന്റെ പഞ്ചായത്തായിരുന്ന വടവന്നൂർ തിരിച്ചുപിടിക്കാൻ ഇത്തവണയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. വികസന രംഗത്ത് കെ.ബാബു എം.എൽ.എ.യുടെ സജീവ സാന്നിദ്ധ്യമാണ് സി.പി.എം ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി അംഗമായ പ്രമീള ഇത്തവണ എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരിക്കുന്നു. തർക്കത്തെ തുടർന്ന് ജനതാദൾ (എസ്) മൂന്ന് സീറ്റിൽ തനിച്ച് മത്സരിക്കുന്നത് മുന്നണിയിലെ അസ്വാരസ്യം വ്യക്തമാക്കുന്നു.

അട്ടിമറിക്കാൻ എൻ.ഡി.എ

അംഗസംഖ്യയിൽ സി.പി.എമ്മിനെ മൂന്നാം സ്ഥാനത്താക്കിയ ബി.ജെ പി ഇത്തവണ ബി.ഡി.ജെ.എസ് സഖ്യത്തിൽ കൂടുതൽ സീറ്റ് നേടി ഭരണത്തിൽ അട്ടിമറിക്ക് ശ്രമം നടത്തുന്നു. കേന്ദ്രസർക്കാറിന്റെ വികസന നേട്ടത്തിലൂന്നിയുള്ള പ്രചാരണം വോട്ടായി മാറുമോയെന്നാണ് ഇനി അറിയേണ്ടത്.