election

ചെർപ്പുളശേരി: കാർഷിക ഗ്രാമമായ ചളവറയിൽ ഇത്തവണ തിരഞ്ഞെടുപ്പ് ആവേശം മുമ്പെങ്ങുമില്ലാത്ത വിധം കത്തിക്കയറുകയാണ്. 15 വാർഡുള്ള പഞ്ചായത്തിൽ വാശിയേറിയ മത്സരമാണെങ്കിലും വിജയം തുടരാമെന്ന കണക്കുകൂട്ടലിലാണ് ഇടതുക്യാമ്പ്.

മുൻ പ്രസിഡന്റും സി.പി.എം ഏരിയാ സെന്റർ അംഗവുമായ ഇ.ചന്ദ്രബാബുവും നാല് ലോക്കൽ കമ്മറ്റി അംഗങ്ങളും ഇത്തവണ മത്സരിക്കുന്നുണ്ട്. ദീർഘ കാലമായി ഇടതിനൊപ്പം നിൽക്കുന്ന ചളവറയിൽ ഭരണം നിലനിറുത്താൻ കഴിയുമെന്ന് തന്നെയാണ് പ്രചരണം അവസാന ലാപ്പിലെത്തുമ്പോൾ നേതാക്കൾ പ്രതീക്ഷിക്കുന്നത്.

കാലങ്ങളായി ഇടതിനൊപ്പം നിൽക്കുന്ന പഞ്ചായത്തിൽ വികസന മുരടിപ്പാണെന്നാരോപിച്ചാണ് യു.ഡി.എഫ് നീക്കം. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇത് യു.ഡി.എഫിന് അനുകൂലമാണെന്നും വലതുക്യാമ്പ് പ്രതീക്ഷിക്കുന്നു. ബി.ജെ.പി.യുടെ ശക്തമായ സാന്നിദ്ധ്യം പഞ്ചായത്തങ്കം കടുപ്പിക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ബി.ജെ.പി ശക്തമായ പ്രചരണമാണ് കാഴ്ച വെക്കുന്നത്. അഞ്ച് വാർഡുകളിൽ എൽ.ഡി.എഫിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. ഇത് പല വാർഡുകളിലും ത്രികോണ മത്സരത്തിനും വേദിയൊരുക്കുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫ്-പത്ത്, യു.ഡി.എഫ്-നാല്, ബി.ജെ.പി-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ 49 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.