
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. വാഹന പ്രചാരണത്തിനൊപ്പം സ്ഥാനാർത്ഥികളും പ്രാദേശിക നേതാക്കളും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടറുപ്പിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിൽ തുടരുകയാണ്.
വോട്ടർമാർക്ക് സ്ലിപ്പെത്തിക്കുന്നതിലും ഇ.വി.എം ഡമ്മി ഉപയോഗിച്ച് സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പരിചയപ്പെടുത്തലുമായി സ്ക്വാഡ് പ്രവർത്തനവും മുന്നണികൾ മത്സരിച്ചാണ് നടത്തുന്നത്. നിരത്തുകളിലൂടെ വോട്ടഭ്യർത്ഥിച്ച് പ്രചാരണ വാഹനങ്ങൾ നാടും നഗരവും വ്യത്യാസമില്ലാതെ ചീറിപ്പായുന്ന കാഴ്ചക്കാണെവിടെയും. കൊവിഡ് പശ്ചാത്തലത്തിൽ റോഡ് ഷോയ്ക്കും വാഹന റാലിക്കും പരമാവധി മൂന്ന് വാഹനങ്ങളേ പാടുള്ളൂ. പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം ഇത്തവണ ഒഴിവാകും.
ഒരു മാസം നീണ്ട പ്രചാരണത്തിന് പൊതുയോഗങ്ങൾ കുറവായിരുന്നുവെങ്കിലും പ്രമുഖ മുന്നണികളുടെ പ്രധാന നേതാക്കൾ ആവേശം പകരാൻ ജില്ലയിലെത്തിയത് സ്ഥാനാർത്ഥികൾക്കും അണികൾക്കും ആവേശമായി. ലഘുലേഖ വിതരണവും ബൂത്ത് കൺവെൻഷനുകളും കുടുംബ യോഗങ്ങളുമെല്ലാമായി പരമ്പരാഗത പ്രചാരണത്തിന് പുറമേ സോഷ്യൽ മാദ്ധ്യമങ്ങളും വെബിനാറുകളും വെർച്വൽ റാലിയുമെല്ലാം വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ മുന്നണികൾ ഉപയോഗിച്ചു.
ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ ഇനിയുള്ള ഏതാനും മണിക്കൂറുകൾ ഊണും ഉറക്കവുമില്ലാത്ത നിശബ്ദ പ്രചാരണത്തിന് വിനിയോഗിക്കും. പത്തിന് ബൂത്തിലേക്ക് വോട്ടർമാരെ എത്തിക്കാനുള്ള പ്രവർത്തനത്തിലായിരിക്കും നേതാക്കളും പ്രവർത്തകരും.
ഇ.വി.എം കമ്മിഷനിംഗ്
ജില്ലയിലെ ഇ.വി.എമ്മുകളുടെ കമ്മിഷനിംഗ് പൂർത്തിയായി ബ്ലോക്കുതല സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. നാളെ രാവിലെ മുതൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇവ വിതരണം ചെയ്യും. ഉദ്യോഗസ്ഥർ രാവിലെ എട്ടിന് ഹാജരാകണം.
സ്പെഷ്യൽ പോളിംഗ്
സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കൊവിഡ് പ്രതിരോധ സാമഗ്രി വിതരണം പൂർത്തിയായി. ജില്ലാ ആശുപത്രിയിലെ ഡിസ്ട്രിക്ട് ഡ്രഗ് വെയർ ഹൗസിൽ നടന്ന രണ്ടാംഘട്ട വിതരണത്തിൽ 13 ബ്ലോക്കുകൾക്കും ഏഴ് മുനിസിപ്പാലിറ്റികൾക്കുമുള്ള സാമഗ്രികൾ കൈമാറി.
ഹരിത ചട്ടം
ഡിസ്പോസബിൾ/നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കണം. ആഹാര പാനീയങ്ങൾ സ്വന്തം പാത്രങ്ങളിൽ വാങ്ങുക. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കണം. ഹരിത കർമ്മസേന വഴി പാഴ് വസ്തുക്കൾ നീക്കം ചെയ്യും. അണുനശീകരണത്തിന് ഹരിത സേന യൂണിറ്റ് സേവനം പ്രയോജനപ്പെടുത്തണം. അണുവിമുക്തമാക്കിയ പാത്രങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണം.