 
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭ 11-ാം വാർഡ് കല്ലേപ്പുള്ളി സൗത്തിൽ വികസന തുടർച്ച ലക്ഷ്യമിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് കെ.ഭവദാസ്. മൂന്നര പതിറ്റാണ്ടായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഭവദാസ് ഇത്തവണ മൊബൈൽ ഫോൺ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വാർഡിൽ വികസന തുടർച്ചയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
അന്തിയുറങ്ങാൻ ഒരു കൂരയെന്ന സ്വപ്നവുമായി കഴിയുന്ന സാധാരണക്കാർക്ക് സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കെട്ടുറപ്പുള്ള വീട് നിർമ്മിച്ച് നൽകുകയെന്നതാണ് പ്രഥമ ലക്ഷ്യം. കൊവിഡ് വാക്സിൻ വിപണിയിലെത്തിയാൽ വാർഡിലെ എല്ലാവർക്കും ലഭ്യമാക്കാൻ ശ്രമം നടത്തും.
എല്ലാ വീടുകളിലും ഇന്റർനെറ്റ് സേവനം, പൊതുയിടങ്ങളിൽ സൗജന്യ വൈഫൈ, വാർഡിൽ പ്രാഥമികാരോഗ്യ കേന്ദ്രം, എല്ലാ ജംഗ്ഷനുകളിലും മിനിമാസ്റ്റ് ലൈറ്റ്, വികസന പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് ബന്ധപ്പെടാനും വികസനകേന്ദ്രം എന്നിവ ഉറപ്പാക്കും. ഇവിടെ കോൾ സെന്റർ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.
മാലിന്യ സംസ്കരണം, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് റോഡ് നവീകരണം, വാസയോഗ്യമില്ലാത്ത വീടുകളുടെ പുനർനിർമ്മാണം, പി ആന്റ് ടി ക്വാർട്ടേഴ്‌സ് നവീകരണം എന്നിവയ്ക്ക് ശ്രമിക്കും. പൂജ നഗർ, ദേവപ്രഭ കോളനി, വിവേകാനന്ദ നഗർ ലൈൻ, അമൃത നഗർ, വെള്ളോലി ലൈൻ, അർച്ചന കോളനി, അവക്കോട് എന്നീ സ്ഥലങ്ങളിൽ പരമാവധി വികസനം കൊണ്ടുവരും. കൂടാതെ നഗരസഭാ പദ്ധതി ആനുകൂല്യം യഥാസമയം ജനങ്ങളിലെത്തിക്കുമെന്നും ഭവദാസ് വാഗ്ദാനം ചെയ്യുന്നു.