
പാലക്കാട്: ആഴ്ചകൾ നീണ്ട പരസ്യപ്രചാരണം കൊട്ടിക്കലാശമില്ലാതെ അവസാനിച്ചു, ജില്ല നാളെ തദ്ദേശ സ്ഥാപനങ്ങളുടെ വിധിയെഴുതും. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചരണത്തിന്റേതാണ്. വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രയൽ എന്ന് വിശേഷിപ്പിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചർച്ചയായതിനാൽ മുന്നണികൾ ഒരുപോലെ വിജയപ്രതീക്ഷയിലാണ്.
കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കൊട്ടിക്കലാശത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പഞ്ചായത്തുകളിൽ അതത് വാർഡുകളിൽ സ്ഥാനാർത്ഥികൾ ചെറുജാഥകളും പ്രകടനങ്ങളും നടത്തിയാണ് പരസ്യ പ്രചാരണം സമാപിച്ചത്. സംസ്ഥാന തലത്തിൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന പാലക്കാട് നഗരസഭയിൽ എൻ.ഡി.എ, യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ കൊവിഡ് മാനദണ്ഡം പാലിച്ച് വിവിധയിടങ്ങളിൽ ബൈക്ക് റാലിയും പ്രകടനവും നടത്തി.
ബി.ജെ.പി ജില്ലാദ്ധ്യക്ഷൻ ഇ.കൃഷ്ണദാസ്, മുൻ നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ വാർഡുകളിലൂടെ തുറന്ന ജീപ്പിൽ ബൈക്കുകളുടെ അകമ്പടിയിൽ പ്രകടനം നടത്തി പരസ്യ പ്രചാരണം അവസാനിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളെ മുഴുവൻ അണിനിരത്തിയുള്ള ജാഥ വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിച്ച് സ്റ്റേഡിയം സ്റ്റാന്റിൽ അവസാനിച്ചു. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവർ നേതൃത്വം നൽകി. ഇടത് സ്ഥാനാർത്ഥികൾ അതത് വാർഡുകളിൽ പ്രകടനം സംഘടിപ്പിച്ചാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്.