
ഒറ്റപ്പാലം: നിശബ്ദ പ്രചാരണം കൂടി കഴിഞ്ഞതോടെ എത്ര സീറ്റുകളിൽ വിജയിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പ്രധാന പാർട്ടികൾ. മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ വോട്ടർമാരുടെ മനസ് വായിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ജയപരാജയം മുന്നിൽ കണ്ടുള്ള കണക്ക് മുന്നണികൾ തയ്യാറാക്കിയിട്ടുള്ളത്.
അതേസമയം, പ്രവചനങ്ങൾക്കപ്പുറം നിരവധി വാർഡുകളിൽ ശക്തമായ മത്സരം നടന്നതായും പാർട്ടികൾ വിലയിരുത്തുന്നു. ഏതുപക്ഷത്തേക്കും വിജയം മറിയാവുന്ന പത്തോളം വാർഡുകൾ ഒറ്റപ്പാലം, ഷൊർണൂർ നഗരസഭയിലുള്ളതായാണ് മുന്നണികളുടെ നിരീക്ഷണം. ഒറ്റപ്പാലം നഗരസഭയിൽ 36 സീറ്റുകളാണ്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 19 സീറ്റ് ഉറപ്പാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. അല്പം കൂടികടന്ന് 24 വരെയും എത്താം. കഴിഞ്ഞ തവണ 15 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന സാങ്കേതികത്വത്തിലാണ് ഇടതുപക്ഷം ഭരണത്തിലെത്തിയത്.
22 സീറ്റുകളിലാണ് യു.ഡി.എഫ് വിജയം അവകാശപ്പെടുന്നത്. സി.പി.എം വിമത കൂട്ടായ്മയായ സ്വതന്ത്ര മുന്നണിയുമായുളള കൂട്ടുകെട്ട് ഭരണത്തിലെത്തിക്കുമെന്ന വിശ്വാസത്തിലാണവർ. കഴിഞ്ഞ തവണത്തെ എട്ട് സീറ്റിൽ നിന്നും 22ൽ എത്തുമെന്ന കണക്ക് സ്വതന്ത്രമുന്നണിയുടെ കരുത്തുകൂടി ചേർത്താണ്.
ഷൊർണൂർ നഗരസഭയിൽ 33 സീറ്റാണുള്ളത്. ഇതിൽ 19 മുതൽ 22 വരെ നേടി ഭരണം നിലനിറുത്താമെന്ന കണക്കാണ് പ്രചാരണരംഗത്ത് നിന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്നത്. എട്ട് സീറ്റിൽ പ്രവചനാതീതമായ അന്തരീക്ഷമാണ്. 18 സീറ്റ് നേടിയാണ് 2015ൽ അവർ ഭരണത്തിലേറിയിരുന്നത്.
വി.കെ.ശ്രീകണ്ഠൻ എം.പിയുടെ തട്ടകത്തിൽ പുതിയ ഊർജ്ജം കണ്ടെത്തിയതിന്റെ മുന്നേറ്റം കണക്കെടുത്ത് കാട്ടുകയാണ് യു.ഡി.എഫ്. കേവല ഭൂരിപക്ഷമായ 17 മുതൽ 20 വരെ സീറ്റിൽ വിജയം കൊയ്യുമെന്നതാണ് യു.ഡി.എഫ് വാദം. നിലവിൽ ഏഴ് സീറ്റാണ് യു.ഡി.എഫിന്.
ഷൊർണൂരിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയ എൻ.ഡി.എ ഇത്തവണ ഭരണത്തിലേറാനുള്ള 17 എന്ന സംഖ്യ പിടിക്കുമെന്ന് അവകാശപ്പെടുന്നു.