ele

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ തങ്ങളുടെ പ്രതിനിധിയായി ആരൊക്കെയുണ്ടാവണമെന്നതിൽ ജനം ഇന്ന് വിധിയെഴുതും. കൊവിഡ് പ്രതിസന്ധി മറികടന്ന് ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പ്രാദേശിക വിഷയങ്ങൾക്ക് പുറമേ സംസ്ഥാന- ദേശീയ രാഷ്ട്രീയവും ഇഴകീറി പരിശോധിച്ചാവും വോട്ടർമാർ പോളിംഗ് ബൂത്തിലെത്തുക.

നിശബ്ദ പ്രചാരണ ദിനമായ ഇന്നലെ കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, പരസ്യ പ്രചാരണത്തിൽ പിന്നിലായെന്ന് തോന്നിയ മേഖല കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാർത്ഥികളുടെ സക്വാഡ് വർക്ക്. രാത്രി ഏറെ വൈകിയും വോട്ടർമാരെ പരമാവധി നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാർത്ഥികൾ. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൂടി ഉറപ്പിക്കാനും അവസാന നിമിഷത്തെ അടിയൊഴുക്ക് തടയാനുമുള്ള ജാഗ്രതയിലാണ് നേതാക്കൾ.

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന തെക്കൻ ജില്ലകളിലെ പോളിംഗ് ശതമാനം പാലക്കാടും പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 80.41 ആയിരുന്നു, 17,13,355 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇത്തവണ അത് ഉയർന്നേക്കും. കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങൾ ആർക്ക് അനുകൂലമായെന്നും ആർക്ക് പ്രതികൂലമായെന്നും ഇനി കാത്തിരുന്നു കാണാം.

മുന്നണികൾക്കൊരു സെമിഫൈനൽ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മനസിൽ കണ്ടാണ് മുന്നണികൾ തദ്ദേശ തിരഞ്ഞെടുപ്പിലും തന്ത്രങ്ങൾ മെനഞ്ഞത്. അത് വിധിയെഴുത്തിൽ എങ്ങനെ പ്രതിഫലിച്ചെന്ന് 16ന് വോട്ടെണ്ണുമ്പോൾ അറിയാം. ജില്ലയിലെ ആധിപത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. കഴിഞ്ഞ തവണ കൈമോശം വന്ന വാർഡുകളും ഡിവിഷനുകളും സ്വന്തമാക്കി തദ്ദേശ ഭരണത്തിൽ തിരികെയെത്താനാണ് യു.ഡി.എഫ് ശ്രമം. മൂന്നാംമുന്നണി സംവിധാനത്തിന് ശക്തി വർദ്ധിപ്പിക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം.

എൽ.ഡി.എഫ്

സ്ഥാനാർത്ഥി നിർണയത്തിലെ മുൻതൂക്കം പ്രചാരണത്തിന്റെ അവസാനം വരെയും നിലനിറുത്താനായെന്നാണ് ഇടതുക്യാമ്പിലെ വിലയിരുത്തൽ. പ്രളയകാലത്തെയും കൊവിഡ് കാലത്തെയും പ്രതിരോധ പ്രവർത്തനങ്ങളും ഇടപെടലുകളും സർക്കാരിന്റെ നാലര കൊല്ലത്തെ ജനക്ഷേമ പദ്ധതികളും നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. ജില്ലയിലെ ഒട്ടേറെ വാർഡുകളിൽ പോര് പരസ്യമാക്കി സി.പി.എമ്മും സി.പി.ഐ.യും നേരിട്ട് ഏറ്റുമുട്ടുന്നതും സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങളും ഇടതുപക്ഷത്തിന് ക്ഷീണമായി.

യു.ഡി.എഫ്

പരസ്യ-നിശബ്ദ പ്രചാരണം അവസാനിച്ചപ്പോൾ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. അഴിമതിയും സർക്കാരിന്റെ അധോലോക ബന്ധവും ജനം തിരിച്ചറിഞ്ഞു. ഇതിനെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്നും നേതാക്കൾ പറയുന്നു. ഗ്രൂപ്പ് വഴക്ക് സ്ഥാനാർത്ഥി നിർണയം വൈകിപ്പിച്ചെങ്കിലും പിന്നീട് പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രമുഖ നേതാക്കളെയും ജില്ലയിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാൻ യു.ഡി.എഫിനും കഴിഞ്ഞു.

എൻ.ഡി.എ

കേന്ദ്ര സർക്കാരിന്റെ വികസന നേട്ടം എണ്ണിപ്പറഞ്ഞാണ് എൻ.ഡി.എ വോട്ടുചോദിക്കുന്നത്. ഇടതു-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിൽ അസ്വസ്ഥരായ ജനം ബി.ജെ.പി അധികാരത്തിൽ വണമെന്ന് ആഗ്രഹിക്കുന്നതായും നേതാക്കൾ പറയുന്നു. ജില്ലാദ്ധ്യക്ഷൻ ഉൾപ്പെടെ മത്സരിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ ആളില്ലെന്ന ആക്ഷേപം ആദ്യമുണ്ടായെങ്കിലും ബൂത്ത് തലത്തിലുൾപ്പെടെ പ്രചാരണം ശക്തമാക്കിയാണ് ബി.ജെ.പി പോരാട്ടത്തിനിറങ്ങുന്നത്.