poru-kozhi
മീനാക്ഷിപുരത്ത് പോര് കോഴികളെ പരിശീലിപ്പിക്കുന്നു

തറയിൽ നിന്ന് ചിറകുവിടർത്തി ഒരാൾപ്പൊക്കത്തിലൊരു ചാട്ടം. ശത്രുവിന്റെ ധൈര്യം ചോരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാൽ മൂർച്ചവരുത്തിയ കൊക്കുകൾ കൊണ്ട് എതിരാളിയുടെ ശരീരത്തിൽ മുറിവുകൾ കോറിയിടും. പിടിച്ചുനിൽക്കാനാവാതെ ശത്രുവിന്റെ തല മണ്ണിൽ തൊട്ടാൽ വിജയിച്ച പോര് കോഴിക്ക് വീരപരിവേഷം ലഭിക്കും, ഒപ്പം യജമാനന്റെ കീശയിലേക്ക് ആയിരങ്ങളും പതിനായിരങ്ങളും എത്തും. ഇത് പാലക്കാടൻ അതിർത്തിഗ്രാമങ്ങളിൽ നടക്കുന്ന കോഴിപ്പോര്.

പരിഷ്‌കാരം തീണ്ടാത്ത ഭാഷാ ന്യൂനപക്ഷങ്ങൾ ഏറെയുള്ള കിഴക്കൻ പാലക്കാട്ട് ജല്ലിക്കെട്ടും കോഴിപ്പോരും തമിഴ് കർഷകരുടെ അഭിമാനവും ആവേശവുമാണ്. അതിർത്തിക്കപ്പുറവും ഇപ്പുറവും കോഴിപ്പോര് നല്‌കുന്ന ആവേശത്തിന് ഒട്ടും കുറവില്ല. പാലക്കാടിന്റെ ഭാഗമായ മീനാക്ഷിപുരത്ത് ഒരു പോര് കോഴിയെങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമാണ്, അതുതന്നെയാണ് കോഴിപ്പോര് അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്നതിന്റെ തെളിവ്. പണ്ട് മത്സരങ്ങൾക്ക് പുറമേ വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ ഒത്തുതീർപ്പാക്കാനും കോഴിപ്പോര് നടത്തിയിരുന്നു.

എല്ലാ കാലത്തും കാഴ്ചക്കാർക്ക് വാനോളം ആവേശം പകരുന്ന ചോരക്കളിയാണ് കോഴിപ്പോര്. വാതുവെപ്പുകാർക്കും കോഴി ഉടമകൾക്കും പണം നേടിത്തരുന്ന മത്സരവും. 1960ലെ കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടഗണത്തിൽപ്പെടുന്ന കോഴിപ്പോരിന് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലക്കാട്ടെ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കോഴിയങ്കം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം മീനാക്ഷിപുരത്ത് കോഴിപ്പോര് നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

തമിഴ്നാട്, കർണടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പോലെ പൊങ്കൽ, സംക്രാന്തി തുടങ്ങിയ വിശേഷദിവസങ്ങളിൽ പാലക്കാട്ടെ അതിർത്തി ഗ്രാമങ്ങളിലും കോഴിപ്പോര് സംഘടിപ്പിക്കുന്നത് പതിവാണ്. മീനാക്ഷിപുരം, കന്നിമാരി, ചെമ്മണാമ്പതി, ആട്ടയാമ്പതി, ഗോപാലപുരം, ഗോവിന്ദാപുരം, നീളിപ്പാറ, കിഴവൻപുതൂർ, ചെമ്മണാന്തോട്, മൊണ്ടിപതി, ചപ്പക്കട്, പുതൂർ തുടങ്ങിയ മേഖലകളിലാണ് കോഴിയങ്കം തുടരുന്നത്.

പന്തയം 1000 മുതൽ 20,000 രൂപ വരെ

ആളൊഴിഞ്ഞ തെങ്ങിൻതോപ്പുകളോ മാന്തോപ്പുകളോ മൈതാനങ്ങളോ ആണ് പൊതുവിൽ കോഴിപ്പോരിന് വേദിയായി തിരഞ്ഞെടുക്കാറ്. പ്രത്യേകം തയ്യാറാക്കിയ കളത്തിലാണ് പോര് കോഴികളെ ഇറക്കിവിടുക. കളത്തിന് ചുറ്റും ആവേശത്തോടെ വാതുവെപ്പുകാരും കോഴികളുടെ ഉടമസ്ഥരും കൂടും. പോരിൽ ഏതുകോഴി ജയിക്കുമെന്ന് പറഞ്ഞായിരിക്കും പന്തയം. 1000 മുതൽ 20000 രൂപവരെ പന്തയം വയ്ക്കാറുണ്ട്.

പോര് കോഴികളുടെ പരിശീലകരോ ഉടമസ്ഥരോ വന്ന് കോഴികളെ പരസ്പരം കൊക്കുരുമ്മിച്ച് നേർക്കുനേർ നിറുത്തുന്നതോടെയാണ് അങ്കം തുടങ്ങുക. രക്തം പൊടിഞ്ഞുവീണ്, ഒരു കോഴിയുടെ തല മണ്ണിൽ മുട്ടുംവരെ കോഴികൾ അങ്കംവെട്ടും.


പേരിടുന്നത് നിറങ്ങൾക്കനുസരിച്ച്

അ‌ഞ്ചിനങ്ങളിലും ഏഴ് നിറങ്ങളിലും പോര് കോഴികളുണ്ടെന്നാണ് പറയുന്നത്. നിറങ്ങൾക്ക് അനുസരിച്ചാണ് പേരിടുന്നത് . എങ്കിലും പോരാട്ട വീര്യത്തിൽ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. കാകം, നൂലാൻ, പസപ്പ്, പൊൻട്രം, മയിൽ കറുപ്പ്, ചിത്തിരപ്പുള്ളി, ഡെഗ (കഴുകൻ), നെമാലി, പച്ച കാക്കി, തീട്ടുവ, ചെങ്കറുപ്പ്, ഭൂതി തുടങ്ങി വിവിധ പേരുകളുണ്ട് കൊത്തുകോഴികൾക്ക്. നാട്ടിൻപുറങ്ങളിൽ കൊങ്ങക്കോഴി, ചേവൽ, കൊത്തകോഴി എന്നിങ്ങനെയാണ് ഇതിൽ പലതും അറിയപ്പെടുന്നത്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലത്തുനിന്ന് 1000 മുതൽ 2000 രൂപവരെ നൽകി കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് വളർത്തിയെടുക്കുന്നത്. മാസങ്ങളും വർഷങ്ങളും നീളുന്ന പരിശീലനം നൽകിയാണ് കോഴികളെ കൊത്തുകോഴിയാക്കി പരുവപ്പെടുത്തുന്നത്. പോരിനിറങ്ങുന്ന കോഴികൾക്ക് 8000 - 15,000 രൂപ വരെയാണ് വില.

ചിട്ടയായ ആഹാരരീതിയും പരിശീലനവും

എട്ടുമാസം പ്രായമെത്തിയാൽ തന്നെ പരിശീലനം ആരംഭിക്കും. മറ്റുള്ള കോഴികളുമായി ഇടപഴകാത്തവിധം കാലിൽ കെട്ടിയിട്ട് ഒറ്റയ്ക്കാണ് കോഴികളെ വളർത്തുക. ഇതാണ് അവർക്ക് ശൗര്യവും ധൈര്യവും കൈവരാൻ ഇടയാക്കുന്നത്. ദിവസവും കോഴികളെ ഒരുമണിക്കൂറെങ്കിലും വെള്ളത്തിൽ നീന്തിക്കും. കിതപ്പും ക്ഷീണവും ഒഴിവാക്കാനും ചിറകുകൾ ബലംവയ്‌ക്കാനും ശരീരക്ഷമത നിലനിറുത്താനും ഇത് സഹായിക്കും. ഒരു ദിവസം ഒരുനേരം മാത്രമേ തീറ്റ നൽകൂ. കമ്പ്, റാഗി പോലുള്ള ധാന്യങ്ങളാണ് പ്രധാനമായും നൽകുക. ശരീരഭാരം അതേപടി നിലനിറുത്താനാണിങ്ങനെ ചെയ്യുന്നത്. മെലിഞ്ഞിരുന്നാൽ മാത്രമേ കൂടുതൽ ഉയരത്തിൽ പറക്കാനും വേഗത്തിൽ ആക്രമിക്കാനും കഴിയൂ എന്ന് കൊത്തുകോഴി പരിശീലകർ പറയുന്നു. 13-ാം നൂറ്റാണ്ടിൽ ചോള രാജാക്കൻമാരുടെ കാലത്ത് നടന്നിരുന്ന കോഴിപ്പോരിൽ കോഴികളുടെ കാലിൽ മൂർച്ചയുള്ള കത്തികെട്ടിവയ്ക്കുമായിരുന്നു. ഇന്നിപ്പോൾ അത്തരം കോഴിപ്പോരുകൾ നടക്കുന്നില്ല.

ഈ വർഷം പത്ത് കേസുകൾ

1960 കേരള ഗെയിമിംഗ് ആക്ട് പ്രകാരം കോഴിപ്പോര് നിരോധിച്ചിട്ടുണ്ട്. ഈ വർഷം മീനാക്ഷിപുരം കൊഴിഞ്ഞാമ്പാറ മേഖലകളിൽ മാത്രം പത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിൽ നാലുപേർക്കെതിരെ കേസെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നിരോധനം നിലനിൽക്കുന്നതിനാൽ വലിയ കാവലിലാണ് പലയിടത്തും ഇത്തരം കോഴിപ്പോര് നടക്കുന്നത്. പക്ഷേ, പന്തയക്കാരിൽ ആരെങ്കിലും ചോർത്തിക്കൊടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി കേസെടുക്കുന്നത്. പിടികൂടുന്ന കോഴികളെ കോടതി അനുവാദത്തോടെ പൊലീസ് ലേലത്തിന് വയ്ക്കും. വലിയ തുകയ്ക്കാണ് ലേലത്തിൽ പല കോഴികളും വിറ്റുപോവുക.