 
ജില്ലയിൽ 77.98% പോളിംഗ്
പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങളുടെ ആശങ്കയ്ക്കുമീതേ ജനാധിപത്യത്തിന്റെ ആവേശം ഇരച്ചുകയറിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് 77.98% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആകെയുള്ള 23,37,412 വോട്ടർമാരിൽ 18,22,748 പേർ ബൂത്തിലെത്തി. ഇതിൽ 78.33% പുരുഷന്മാരും 77.66% സ്ത്രീകളുമാണ്. 2015ൽ 80.41% ആയിരുന്നു പോളിംഗ്. പലയിടത്തും രാത്രി ഏഴിന് ശേഷവും വോട്ടർമാരുടെ നീണ്ട നിരയുള്ളതിനാൽ പോളിംഗ് കഴിഞ്ഞ തവണത്തേക്കാൾ ഉയരുമെന്നാണ് സൂചന.
പതിവുപോലെ ഗ്രാമീണ മേഖലകളിലാണ് ഇത്തവണയും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. നഗരസഭകളിൽ ചിറ്റൂർ-തത്തമംഗലം (8158%), പട്ടാമ്പി (77.94%), ചെർപ്പുളശേരി (80.06%), മണ്ണാർക്കാട് (75.28%) എന്നിവിടങ്ങളും മുന്നേറി. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലക്കാട് നഗരസഭയിൽ 67.09% ആയി കുറഞ്ഞു. ഗ്രാമീണ മേഖലയിലും പട്ടാമ്പി, ചിറ്റൂർ-തത്തമംഗലം പോലുള്ള നഗരസഭാ പ്രദേശങ്ങളിലും പോളിംഗ് ഉയർന്നത് നേട്ടമാകുമെന്ന് മൂന്നുമുന്നണികളും അവകാശപ്പെടുന്നു.
കുഴൽമന്ദത്ത് വോട്ട് ചെയ്യാനെത്തിയ വ്യക്തി കുഴഞ്ഞുവീണ് മരിച്ചു. ജില്ലയിൽ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് ആദ്യ മണിക്കൂറുകളിൽ പോളിംഗിലെ കല്ലുകടിയായി. ചിലയിടങ്ങളിൽ വോട്ടർമാർ പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. ഇതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ ഏഴുമുതൽ തന്നെ ബൂത്തുകളിൽ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ആദ്യമണിക്കൂറിൽ പോളിംഗ് 9% എത്തി. പിന്നീടുള്ള രണ്ടു മണിക്കൂറിൽ മന്ദഗതിയായെങ്കിലും 11ന് അത് 35ലേക്ക് കുതിച്ചു. ഉച്ചയ്ക്ക് 55% വോട്ട് രേഖപ്പെടുത്തി. വൈകിട്ട് മൂന്നിന് ശേഷം പലയിടത്തും തിരക്ക് കുറഞ്ഞെങ്കിലും ആറിന് ശേഷം പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയും പ്രകടമായി. ആറുമണിവരെ ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി.