
പാലക്കാട്: വോട്ട് ചെയ്യൽ പ്രക്രിയയ്ക്കിടെ ഒരു പൊലീസുകാരൻ ഉൾപ്പെടെ വിവിധയിടങ്ങളിലായി നാലു പേർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണനൂർ പുളിയപ്പൻതൊടി ബൂത്തിൽ വോട്ട് ചെയ്യാൻ വരിനിൽക്കവേയാണ് പാങ്ങോട് വീട്ടിൽ ഷൺമുഖൻ (53) കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ ഷൺമുഖനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീടിന്റെ പണി പൂർത്തിയാക്കി അടുത്തമാസം താമസം തുടങ്ങാനിരിക്കെയാണ് മരണം. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: ശ്രീജിത്, ഷീത.
സുൽത്താൻ ബത്തേരിയിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിനു മുന്നിലെ കാവൽ ഡ്യൂട്ടിക്കിടെയാണ് പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചത്. കൽപ്പറ്റ എ.ആർ ക്യാമ്പിലെ വാകേരി മടൂർ എം.എസ്. കരുണാകരൻ (45) ഇന്നലെ ഉച്ചയ്ക്ക് ബത്തേരി അസംപ്ഷൻ സ്‌കൂളിലാണ് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുനിത. ഏകമകൾ: കീർത്തന.
വോട്ട് ചെയ്ത ശേഷം പോളിംഗ് ബൂത്തിൽ നിന്നിറങ്ങവേയാണ് മാനന്തവാടിയിൽ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചത്. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവിയാണ് (ജോച്ചി 54) മരിച്ചത്. തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മടങ്ങുന്നതിനിടെ ദേവി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ബിന്ദു, സിന്ധു.
വോട്ട് രേഖപ്പെടുത്തിയശേഷം ചായക്കടയിൽ കയറിയപ്പോഴാണ് നെടുമ്പാശേരി മേയ്ക്കാവ് വടക്കേടത്ത് ചാത്തപ്പൻ (86) കുഴഞ്ഞുവീണ് മരിച്ചത്. അകപ്പറമ്പ് ആറു സെന്റ് മിനി കമ്മ്യൂണിറ്റി ഹാളിൽ വോട്ടു ചെയ്ത ശേഷമാണ് തൊട്ടടുത്ത ചായക്കടയിൽ കയറിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു രാവിലെ 10ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും. ഭാര്യ: പരേതയായ ജാനു. മക്കൾ: വേലായുധൻ, വേണു, ബിന്ദു. മരുമക്കൾ: ശ്യാമള, മധു.