
പാലക്കാട്: കൊവിഡ് ആശങ്കകൾ മറികടന്ന് വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയെത്തിയ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ മികച്ച പോളിംഗ്. പോളിംഗ് 80 ശതമാനത്തിലേക്ക് കടക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ആകെയുള്ള 2337412 വോട്ടർമാരിൽ നിലവിൽ 1822748 പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ 78.33 ശതമാനം പുരുഷന്മാരും 77.66 ശതമാനം സ്ത്രീകളുമാണ്. 2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 80.41 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്.
പതിവുപോലെ ഗ്രാമീണ മേഖലകളിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. നഗരസഭകളിൽ ചിറ്റൂർ - തത്തമംഗലം, ചെർപ്പുളശേരി നഗരസഭകളിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാക്രമം 81.58, 80.06 ശതമാനം. ഏറ്റവും കുറവ് പാലക്കാട് നഗരസഭയിലാണ്, 67.09 ശതമാനം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്.
നഗരത്തിലും കൊല്ലങ്കോട്, ചെർപ്പുളശേരി, പട്ടാമ്പി, തൃത്താല മേഖലകളിലും ചില ബൂത്തുകളിൽ യന്ത്രങ്ങൾ പണിമുടക്കിയത് വോട്ടെടുപ്പിനെ ബാധിച്ചു. ചിലയിടങ്ങളിൽ വോട്ടർമാർ പ്രതഷേധിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിൽ റപ്പോർട്ട് ചെയ്തിട്ടില്ല.