e
എല്ലാം ഭദ്രം...തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന കൊല്ലങ്കോട് ബി.എസ്.എസ് എച്ച്.എസ്.എസിന് മുന്നിൽ കാവൽ നിൽക്കുന്ന പൊലീസ് സംഘം.

രക്ഷകരായത് വനം വകുപ്പും പൊലീസും

കൊല്ലങ്കോട്: പറമ്പിക്കുളം പൂപ്പാറ കോളനിയിലെ പോളിംഗ് ബൂത്തിൽ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടക്ക യാത്രയിൽ വാഹനം തകരാറായതിനെ തുടർന്ന് ഉദ്യോഗസ്ഥർ കൊടുംകാട്ടിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറിലധികം. മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ നാലുബൂത്തുകളിലൊന്നാണിത്. വോട്ടിംഗ് സാമഗ്രികളുമയി കൊല്ലങ്കോട് ബി.എസ്.എസ് എച്ച്.എസ്.എസിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള മടക്കയാത്രയിൽ രാത്രി പത്തോടെയാണ് സംഭവം.

കോളനിക്കും പറമ്പിക്കുളത്തിനും ഇടയിൽ എസ്‌കോർട്ട് വന്ന വാഹനം തകരാറിലാകുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ ഉദ്യോഗസ്ഥ സംഘവും കുടുങ്ങി. മൊബൈൽ റേഞ്ച് ലഭിക്കാത്തതിനാൽ വിവരം പുറത്തറിയിക്കാനും വഴിയില്ലാതായി. വാഹനം പാതിരാത്രിയായിട്ടും പോളിംഗ് സ്റ്റേഷനിലെത്തിയില്ലെന്ന വിവരമറിഞ്ഞ് തിരഞ്ഞെത്തിയ പറമ്പിക്കുളം പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പൂപ്പാറ കോളനിക്ക് പത്ത് കി.മീ അകലെ വാഹനം കേടായി നിൽക്കുന്നത് കണ്ടെത്തി. തുടർന്ന് മറ്രൊരു വാഹനമേർപ്പാടുത്തി 11ന് പറമ്പിക്കുളത്ത് നിന്ന് തിരിച്ച സംഘം ഒരു മണിക്കാണ് കൊല്ലങ്കോടെത്തിയത്. ഇതോടെയാണ് പ്രിസൈഡിംഗ് ഓഫീസർ സുജിത്ത് ലാലും റിട്ടേണിംഗ് ഓഫീസർ സുഗന്ധ കുമാരിയും അടക്കമുള്ള സംഘത്തിന് ആശ്വാസമായത്. രാത്രി ഒന്നരയോടെ ജോലി പൂർത്തിയാക്കി ഉദ്യോഗസ്ഥർ വീട്ടിലേക്ക് തിരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ മൂന്ന് ബൂത്തായിരുന്നു പറമ്പിക്കുളത്ത്. പൂപ്പാറ കോളനിക്കാർ വോട്ട് ചെയ്യുന്നതിന് 13 കി.മീ ചുറ്റി സഞ്ചരിച്ചും ജീവൻ പണയം വെച്ച് പോണ്ടി കെട്ടി ഡാമിലൂടെ തുഴഞ്ഞുമാണ് വോട്ടുചെയ്യാൻ വരുന്നതെന്ന പരാതിയെ തുടർന്നാണ് ഇവിടെ നാലാമതായി പുതിയ ബൂത്ത് തുടങ്ങിയത്.