ele

പാലക്കാട്: വിധിയെഴുത്ത് പെട്ടിയിലായതോടെ മുന്നണികൾക്ക് ഇനി കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിവസങ്ങൾ. കൊവിഡ് പ്രതിസന്ധികൾക്കിടയിലും വോട്ടർമാർ ആവേശത്തോടെ ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങിയെങ്കിലും പോളിംഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 2.27% കുറഞ്ഞത് മുന്നണികൾക്ക് ഒരുപോലെ ആശങ്കയും പ്രതീക്ഷയുമാകുന്നു.

78.14% ആണ് ജില്ലയുടെ പോളിംഗ്. നഗരസഭകളിൽ കൂടുതൽ ചിറ്റൂർ-തത്തമംഗലത്ത്. 81.58%. ചെർപ്പുളശേരിയിൽ 80.1%. കുറവ് പാലക്കാട്-67.2%. പ്രാദേശിക വിഷയങ്ങളും സംസ്ഥാന- കേന്ദ്രഭരണവും വിവാദങ്ങളും ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ ഓരോ ബൂത്ത് കമ്മിറ്റികളും ശേഖരിച്ച കണക്ക് ക്രോഡീകരിച്ചാണ് എത്ര സീറ്റ് കിട്ടുമെന്ന ഏകദേശ കണക്കുകൂട്ടൽ മുന്നണികൾ നടത്തുന്നത്. ഉറച്ച വോട്ടുകൾ മുഴുവൻ പോൾ ചെയ്യിക്കാനായോ അതിൽ പാർട്ടി പരാജയപ്പെട്ടോ എന്നുള്ള വിലയിരുത്തലും സമാന്തരമായി നടക്കും.

പ്രാഥമിക കണക്കെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എ.യും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. എന്നിരുന്നാലും അവസാനത്തെ അത്ഭുതം പിറക്കുന്നത് കാണാൻ 16 വരെ കാത്തിരിക്കണം.

പാലക്കാട് നഗരസഭയിൽ 6.53% കുറവ്

അഭിമാന പോരാട്ടം നടന്ന പാലക്കാട് നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 6.53% കുറവ് വോട്ടാണ് പോൾ ചെയ്തത്. ഇത് സ്വാഭാവിക ഇടിവായി കണക്കാക്കാൻ കഴിയില്ലെന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രാഥമിക വിലയിരുത്തൽ. ഭരണത്തുടർച്ച ലക്ഷ്യം വച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് വോട്ടിംഗ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

15 മുതൽ 18 വാ‌ർഡുകളിൽ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിച്ചെണ് ബി.ജെ.പി പ്രതീക്ഷ. ഭരണം തിരിച്ചുപിടിക്കാൻ ഉറച്ചിറങ്ങിയ യു.ഡി.എഫും ആത്മവിശ്വാസത്തിലാണ്. പരമ്പരാഗത വോട്ട് കൃത്യമായി പോൾ ചെയ്തെന്നാണ് വിലയിരുത്തൽ.

മുൻകാലങ്ങളിൽ 17 കൗൺസിലർമാരുണ്ടായിരുന്ന ഇടതുപക്ഷവും തിരിച്ചുവരവ് ലക്ഷ്യമിടുന്നു. നിലവിലെ ഒമ്പത് സീറ്റ് ചുരുങ്ങിയത് 11 മുതൽ 13 വരെയാകുമെന്നാണ് അവരുടെ പ്രതീക്ഷ. ന്യൂനപക്ഷ വോട്ടേകീകരണം നടന്നതായും വിലയിരുത്തലുണ്ട്.