news
കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത.

കൊല്ലങ്കോട്: മുതലമട പതിനൊന്നാം വാർഡായ പറമ്പിക്കുളത്തെത്താൻ തമിഴ്‌നാടിനെ ആശ്രയിച്ച് 86 കി.മീ ചുറ്റിസഞ്ചരിക്കേണ്ട ആദിവാസികളുടെ ദുരിതത്തിന് പരിഹാരമാകുന്നു. ചെമ്മണാമ്പതി- തേക്കടി പാതയ്ക്ക് നിബന്ധനകളോടെ വനം വകുപ്പിന്റെ സാങ്കേതിക അനുമതിയായി.

കേരളത്തിലൂടെ തന്നെ സ്വന്തമായി വഴി എന്ന ആശയത്തിൽ ഉറച്ച് ആദിവാസികൾ രണ്ടാഴ്ചയോളം നടത്തിയ വഴിവെട്ട് സമരം ഇതോടെ വിജയ തീരത്തെത്തി. ചെമ്മണാമ്പതി മലയടിവാരം മുതൽ വെള്ളക്കൽതിട്ട് വരെ 3.325 കി.മീ മൂന്നുമീറ്റർ വീതിയിൽ വനപാത നിർമ്മിക്കാൻ വനാവകാശ നിയമത്തിലെ വികസനാവകാശത്തി 0.9975 ഹെക്ടർ ഭൂമി വനം വകുപ്പ് അനുവദിച്ചു.

പാത നിർമ്മാണ മേൽനോട്ടവും വിട്ടുനൽകിയ ഭൂമിയുടെ യൂസർ ഏജൻസിയും മുതലമട പഞ്ചായത്താണ്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഊരുവാസികൾക്ക് വനപാത നിർമ്മിക്കുന്നതിൽ തൊഴിൽ നൽകും. പഞ്ചായത്ത് സെക്രട്ടറിക്കാണ് പദ്ധതി നടപ്പിലാക്കാനും പൂർത്തീകരിക്കാനുള്ള ചുമതല.

നിബന്ധനകൾ ഇങ്ങനെ

1.തേക്കടി പ്രദേശത്തെ കോളനിവാസികളുടെ അടിസ്ഥാന വികസനത്തിനായി അനുവദിച്ച ഭൂമി, ടൂറിസം തുടങ്ങി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല.
2.വനപാത നിർമ്മാണ പ്രദേശം മണ്ണിടിച്ചിലും ചെങ്കുത്തായ സ്ഥലവുമായതിനാൽ പ്രവർത്തിയുടെ സങ്കേതിക വശം യൂസർ ഏജൻസി പരിശോധിക്കണം.
3.റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രസ്തുത സ്ഥലം ഗ്രാമസഭയുടെ മേൽനോട്ടത്തിൽ അളന്നുതിരിച്ച് യൂസർ ഏജൻസിയായ മുതലമട പഞ്ചായത്തിന് കൈമാറണം.
4.പദ്ധതി പ്രദേശത്തെ മരം മുറിക്കുന്ന പക്ഷം യൂസർ ഏജൻസി മുൻകൂർ അനുമതിയോടെ സ്വന്തം ചെലവിൽ വാളയാർ സർക്കാർ ഡിപ്പോയിലേക്ക് കൈമാറണം.
5.പണി പൂർത്തിയായ ശേഷം മഹസർ തയ്യാറാക്കി സ്ഥലം റേഞ്ച് ഓഫീസർ തിരികെ ഏറ്റുവാങ്ങണം.
6.അനുവദിക്കപ്പെട്ട സ്ഥലം വനഭൂമിയായി തന്നെ നിലനിറുത്തണം.
7.മേൽപ്പറഞ്ഞ നിർമ്മാണ പ്രവർത്തിയല്ലാതെ മറ്റൊന്നും അനുവദിക്കില്ല.
8.സ്ഥലം കൈമാറി ഒരു വർഷത്തിനകം പ്രവർത്തി പൂർത്തിയാക്കാത്ത പക്ഷം ഭൂമി വനംവകുപ്പ് തിരികെ ഏറ്റെടുക്കും.
9.മേൽ നിബന്ധനകളിൽ ഏതെങ്കിലും ലംഘിക്കുന്ന പക്ഷം അനുമതി സ്വമേധയാ റദ്ദാവും.