e

ചെർപ്പുളശേരി: വോട്ടെടുപ്പ് കഴിഞ്ഞതോടെ നഗരസഭയിൽ മനക്കോട്ട കെട്ടി പ്രതീക്ഷ പങ്കുവെച്ച് മൂന്നു മുന്നണികളും.

33 വാർഡുകളുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 17 സീറ്റ് നേടി അധികാരത്തിൽ വന്ന യു.ഡി.എഫ്,​ ഇത്തവണ 20ന് മുകളിൽ സീറ്റ് നേടി ഭരണം നിലനിറുത്തുമെന്ന് അവകാശപ്പെടുന്നു. സ്ഥാനാർത്ഥി നിർണയവും മറ്റും സി.പി.എമ്മിന് തിരിച്ചടിയായെന്നും
ഇത് യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും കൺവീനർ എം.അബ്ദുൾ റഷീദ് പറഞ്ഞു.

കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കുമെന്ന് വോട്ടിംഗ് കണക്കുനിരത്തി എൽ.ഡി.എഫും ആത്മവിശ്വാസം പങ്കിടുന്നു. 14 സീറ്റുകളാണ് കഴിഞ്ഞ തവണയെങ്കിൽ 22 വാർഡിൽ ഇത്തവണ വിജയം സുനിശ്ചിതമാണെന്ന് എൽ.ഡി.എഫ് മുൻസിപ്പൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരവും റിബലുകളും യു.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

കഴിഞ്ഞ തവണ രണ്ടുസീറ്റ് നേടി സ്വാധീനമറിയിച്ച എൻ.ഡി.എ ഇത്തവണ നിർണായക ശക്തിയായി നഗരസഭയിലുണ്ടാകുമെന്നാണ് നേതാക്കളുടെ അവകാശവാദം. ആറു സീറ്റുകളിൽ അവർ വിജയം അവകാശപ്പെടുന്നു. വോട്ടിംഗ് ശതമാനം വച്ച് കൂട്ടലും കിഴിക്കലും നടത്തിയാണ് മുന്നണികളുടെ പ്രതീക്ഷ ഉയരുന്നത്.