 
കൊപ്പം: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കൊപ്പം ടൗൺ നവീകരിക്കാൻ പദ്ധതിയാവുന്നു. നവീകരണത്തിന് സർക്കാർ രണ്ടുകോടി അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ടപദ്ധതി രൂപരേഖ ഉടൻ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് അറിയിച്ചു.
പട്ടാമ്പി-പെരിന്തൽമണ്ണ, ചെർപ്പുളശേരി-വളാഞ്ചേരി പാതകൾ കൂടിച്ചേരുന്ന പ്രധാനപ്പെട്ട ടൗണാണ് കൊപ്പം.
പട്ടാമ്പി-പുലാമന്തോൾ പാത നവീകരണ വേളയിലും ഈ ആവശ്യമുയർന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത വിലങ്ങുതടിയായി. മാസങ്ങൾക്ക് മുമ്പ് ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് മുഹമ്മദ് മുഹ്സിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 60 ലക്ഷത്തിന്റെ പദ്ധതി രൂപരേഖ തയ്യാറാക്കി. എന്നാൽ, നവീകരണത്തിന് വലിയ തുക തന്നെ വേണ്ട സാഹചര്യമായിരുന്നു. തുടർന്നാണ് രണ്ടുകോടിയുടെ പ്രവൃത്തിക്ക് അനുമതി നൽകിയിട്ടുള്ളത്.
ടൗണിലെ വെള്ളക്കെട്ട് രൂക്ഷമാവുന്ന പഞ്ചായത്തോഫീസ് ഭാഗത്ത് അഴുക്കുചാൽ, നടപ്പാത, ബസ് ബേ- കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി വരും. സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനവും കാര്യക്ഷമമാക്കേണ്ടതുണ്ട്. ടൗണിൽ ഏതെല്ലാം പദ്ധതി നടപ്പാക്കണമെന്നതിന്റെ വിശദമായ പദ്ധതി രൂപരേഖ ഉടൻ തയ്യാറാക്കി തുടർ നടപടികളുമായി മുന്നോട്ടു പോകാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.