 
ഒറ്റപ്പാലം: ഓപ്പറേഷൻ അനന്ത പ്രകാരം നഗരത്തിൽ വീണ്ടെടുത്തത് രണ്ടേമുക്കാൽ സെന്റ് സ്ഥലം. ആർ.എസ് റോഡ് ജംഗ്ഷനടക്കം സമീപ സ്ഥലങ്ങളിൽ നിന്നാണ് ഇത്രയും സ്ഥലം സർക്കാർ വീണ്ടെടുത്തത്.
ആർ.എസ് റോഡ് ജംഗ്ഷനിലെ സ്ഥലം കെട്ടിട ഉടമ തന്നെ പൊളിച്ചുനീക്കി സ്ഥലം വിട്ടുനൽകി. വീണ്ടെടുത്ത ഈ സ്ഥലത്തേക്ക് അഴുക്കുചാൽ മാറ്റി സ്ഥാപിക്കും. വിഷയം ഹൈക്കോടതി പരിഗണനയിലായതിനാൽ റവന്യൂ വകുപ്പ് നിർമ്മാണാനുമതിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഈ സ്ഥലത്തേക്ക് അഴുക്കുചാൽ മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അനുമതി കിട്ടിയാലുടൻ പ്രവൃത്തിയാരംഭിക്കും. പെട്രോൾ പമ്പ് മുതൽ ലക്ഷ്മി തിയേറ്റർ ജംഗ്ഷൻ വരെയാണ് കൈയേറ്റം കണ്ടെത്തിയത്. ഇതിൽ മൂന്നിടത്ത് ടൈൽസ് പതിച്ചതുപോലുള്ള ചെറിയ കൈയേറ്റങ്ങളാണ്. ഇതിനുപുറമെ ബാങ്കുകൾ ഉൾപ്പടെയുള്ള മൂന്ന് കൈയേറ്റം കൂടിയാണ് ഇനി ഒഴിപ്പിക്കാനുള്ളത്.
നാലുവർഷം മുമ്പ് തുടങ്ങി വെച്ച ഓപ്പറേഷൻ അനന്തയുടെ ഭാഗമായി സർവേ നടത്തി ഒഴിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നത് 17 സ്ഥലങ്ങളാണ്. ഇതിന്റെ സ്ഥലമുടമകളുമായി വാദം പൂർത്തിയായി. സ്വയമൊഴിയാമെന്നാണ് ഒമ്പതുപേർ അറിയിച്ചിട്ടുണ്ട്. -
അർജ്ജുൻ പാണ്ഡ്യൻ, സബ് കളക്ടർ.