
കുഴൽമന്ദം: ഉദ്യോഗസ്ഥരും പൊലീസും തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായതിന്റെ മറവിൽ ജില്ലയിൽ കളിമണ്ണ് കടത്ത് വ്യാപകം. മാത്തൂർ തച്ചങ്കാട്, ചിറക്കാട്, ചുണയംകാട് മേഖലകളിൽ പുഴയോരത്തെ കൃഷിയിടങ്ങളിൽ നിന്നാണ് ലോറികളിൽ രാത്രി വൻതോതിൽ മണ്ണ് കടത്തുന്നത്.
കൃഷിയിടം നശിപ്പിച്ച് മണ്ണ് കടത്തുന്നതിനെതിരേ കർഷകർ നെൽകൃഷി സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധം നടത്തുന്നതിനിടെയാണ് മണ്ണ് കടത്ത് രൂക്ഷമായിരിക്കുന്നത്. പാടങ്ങളിൽ നിന്ന് മണ്ണുമാന്തി ഉപയോഗിച്ച് ശേഖരിക്കുന്ന മണ്ണ് ടിപ്പറുകളിൽ കയറ്റി തൃശൂർ, ചാലക്കുടി മേഖലയിലെ ഓട് നിർമ്മാണ കമ്പനികളിലേക്കാണ് പ്രധാനമായും കൊണ്ടുപോകുന്നത്.
മേഖലയിൽ നിരവധി ചൂളകളും പ്രവർത്തിക്കുന്നുണ്ട്. കർഷക പ്രതിഷേധത്തെ തുടർന്ന് കുറേയെണ്ണം പ്രവർത്തനം നിറുത്തിയെങ്കിലും മറ്റുള്ളവ അധികൃതരുടെ മൗനാനുവാദത്തോടെ തുടരുന്നുണ്ട്. അനധികൃത ചൂളകൾ വൻതോതിൽ പുഴയോരത്തെ കൃഷിയിടങ്ങൾ തരിശാക്കി മണ്ണെടുപ്പ് നടത്തിയതോടെ സമീപത്തെ മറ്റ് നെൽകൃഷിയിടങ്ങളിലും കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയാണ്.
കർഷക പ്രതിഷേധത്തെ തുടർന്ന് തൊഴിൽ നഷ്ടമൊഴിവാക്കാൻ നിലവിൽ ശേഖരിച്ച മണ്ണുപയോഗിച്ച് മാത്രം ഇഷ്ടികയുണ്ടാക്കുകയും തുടർന്ന് മണ്ണെടുപ്പ് നടത്തരുതെന്നും കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ധാരണയായിരുന്നു. പിന്നീട് തുടർ നടപടിയില്ലാത്തത് മൂലം വീണ്ടും മണ്ണെടുപ്പും ഇഷ്ടിക നിർമ്മാണവും ആരംഭിക്കുകയായിരുന്നു.