
പോലീസുകാരടക്കം മൂന്നുപേർക്ക് വെട്ടേറ്റു; മൂന്നുപേർ അറസ്റ്റിൽ
പൂർണ്ണ ഗർഭിണിയെ ചവിട്ടി താഴെയിട്ടു
70 പേർക്കെതിരെ കേസ്
കൊല്ലങ്കോട്: ചെമ്മണാമ്പതി ഒമ്പതാം വാർഡിൽ ബി.ജെ.പി-സി.പി.എം സ്ഥാനാർത്ഥികൾ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. സ്ഥലത്തെത്തിയ എ.ആർ ക്യാമ്പ് സി.പി.ഒ.മാരായ അബ്ദുൾ മനാഫ് (28), സനൂപ് (27) എന്നിവരടക്കം മൂന്നുപേർക്ക് വെട്ടേറ്റു. ബി.ജെ.പി സ്ഥാനാർത്ഥിയായ രാജു കൗണ്ടർ, സി.പി.എം പ്രവർത്തകരായ വീരമണി (37), സുജീഷ് (29) എന്നിവരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസെടുത്തു. തർക്കത്തിനിടെ പൂർണ ഗർഭിണിയായ യുവതിയെ ചവിട്ടി താഴെയിട്ടു.
ശനിയാഴ്ച രാത്രി ഒമ്പതരോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബി.ജെ.പി സ്ഥാനാർത്ഥിയായ രാജു കൗണ്ടർ അനന്തരവനായ സി.പി.എം പ്രവർത്തകൻ ഗോപിനാഥന്റെ മേൽ ബൈക്കിടിപ്പിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ബഹളം കേട്ട് സമീപ വീട്ടിലെ സി.പി.എം സ്ഥാനാർത്ഥി അക്തർ എന്ന അബ്ദുൾ റഹ്മാനും പൂർണ ഗർഭിണിയായ ഭാര്യ സബാനയും സ്ഥലത്തെത്തി. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതോടെ അക്തറും രാജുവും തമ്മിൽ വഴക്കായി. സബാനയെ രാജു ചവിട്ടി താഴെയിട്ടതിനെ തുടർന്ന് ചിറ്റൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കൂടുതൽ സി.പി.എം പ്രവർത്തകർ സംഘടിച്ചതോടെ രാജുവിന്റെ വീടിന് പൊലീസ് സംരക്ഷണം നൽകി.
രാത്രി 12ന് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചതോടെ രാജുവിന്റെ ജ്യേഷ്ഠൻ തങ്കവേലുവിന്റെ തലയ്ക്ക് കമ്പിവടി കൊണ്ട് അടിയേറ്റു. ഇതോടെ രാജു വെട്ടുകത്തിയെടുത്ത് വീശിയതിലാണ് പൊലീസുകാരായ അബ്ദുൾ മനാഫിനും സനൂപിനും പരിക്കേറ്റത്. ഭാര്യ ചവിട്ടി തള്ളിയിട്ടെന്ന അക്തറുടെ പരാതിയിലും പൊലീസുകാരെ വെട്ടിയതിനും രാജുവിന്റെ പേരിൽ കേസുണ്ട്. തങ്കവേലുവിനെ തലക്കടിച്ചതിലാണ് സി.പി.എം പ്രവർത്തകരായ സുജീഷിനും വീരമണിക്കുമെതിരെ കേസ്.
സംരക്ഷണം വേണമെന്ന് വീട്ടമ്മമാർ
ചെമ്മണാമ്പതി അളകാപുരി കോളനിയിലെ ദളിതർക്കും ആദിവാസികൾക്കും മുസ്ലിം വിഭാഗത്തിനും ജീവിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും പൊലീസ് സംരക്ഷണം വേണമെന്നും വീട്ടമ്മമാർ. കൗണ്ടർ വിഭാഗത്തിലുള്ളവർ നിരന്തരം ജാതിപ്പേരിന്റെ പേരിൽ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ഇവർ പരാതിപ്പെടുന്നു. പല തവണ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മുതലമടയിൽ എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യവും ശക്തമാണ്. അടുത്തിടെ അംബേദ്കർ കോളനിയിലും ഇത്തരം പ്രശ്നങ്ങളും പീഡന ശ്രമവും ഉടലെടുത്തിരുന്നു.