e

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ബൂത്ത് തലങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ മികച്ച പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം രാഷ്ട്രീയ വിവാദങ്ങളും കളംനിറഞ്ഞ തിരഞ്ഞെടുപ്പിൽ 78.41% ആണ് ജില്ലയിലെ പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 2.33% കുറവ്.

ജില്ലയിൽ 21 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 13 ബ്ലോക്ക് പഞ്ചായത്തുകൾക്കും ഏഴ് നഗരസഭകൾക്കും ജില്ലാ പഞ്ചായത്തിനും ഓരോ കേന്ദ്രങ്ങളനുവദിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിലായി 18 കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെ വോട്ടെണ്ണും. പ്രത്യേക പാസുള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.

10 ബൂത്തിന് ഒരു കൗണ്ടിംഗ് ടേബിൾ എന്ന രീതിയിലാണ് സജ്ജീകരണം. ഒരു ടേബിളിന് ഒരു സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു അറ്റന്റർ എന്ന രീതിയിലാണ് ക്രമീകരണം. ഇന്നുരാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. കൊവിഡ് ബാധിതർക്കുള്ള പ്രത്യേക തപാൽ വോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. തപാൽ വോട്ടുകൾ രാവിലെ എട്ടുവരെ എത്തിക്കാം. ഒന്നാം വാർഡ് മുതലെന്ന ക്രമത്തിലാണ് വോട്ടെണ്ണുക. തുടർന്ന് ഇ.വി.എം എണ്ണിതുടങ്ങും. ഓരോ റൗണ്ട് കഴിയുമ്പോഴും ട്രെൻഡ് അറിയുന്നതിനായി എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഡിസ്‌പ്ലെ ബോർഡും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കുടിവെള്ളം, ഭക്ഷണം, അത്യാവശ്യ മരുന്ന്, മുഴുവൻ സമയ ജനറേറ്റർ സൗകര്യം എന്നിവയൊരുക്കി.

ഫലം നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും

കൊവിഡിനെ മറികടന്നും ആളുകൾ ബൂത്തിലേക്ക് ഒഴുകിയെത്തിയത് ആർക്ക് അനുകൂലമാകുമെന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടുമുതൽ മൂന്നു ശതമാനത്തിന്റെ കുറവുണ്ടെങ്കിലും അത് ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്ന് വിലയിരുത്തുക അസാദ്ധ്യമാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ അത് നിയമസഭാ തിരഞ്ഞെടുപ്പുകളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. അതിനാൽ തന്നെ മൂന്നുമുന്നണികൾക്കും ഫലം നിർണായകമാണ്. ഫലം ആർക്ക് അനുകൂലമായാലും രാഷ്ട്രീയമായ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭ്യമാകും.

ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളെ ജനങ്ങൾ എങ്ങനെ ഏറ്റെടുത്തെന്നതാണ് അതിൽ പ്രധാനം. ജനവിധി ഇടതുപക്ഷത്തിന് അനുകൂലമായാൽ അത് കൊവിഡ്-പ്രളയ കാലത്തെ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും വിവാദങ്ങളെ ജനം തള്ളിക്കളയുന്നുവെന്നതിന്റെയും സൂചനയാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുമുന്നണിക്ക് അത് കരുത്തേകും.

യു.ഡി.എഫിന് അനുകൂലമായാൽ സ്വർണക്കടത്തും ലൈഫ് മിഷനും കെ.എസ്.എഫ്.ഇ വിവാദങ്ങളും ജനങ്ങൾ ഏറ്റെടുത്തു എന്നുവേണം മനസിലാക്കാൻ. അങ്ങനെയെങ്കിൽ പ്രതിപക്ഷം, ഈ വിവാദ വിഷയങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോയി ഭരണംപിടിക്കുകയാവും ലക്ഷ്യമിടുക. ജില്ലയിൽ സ്വാധീനം വളർത്താൻ ശ്രമിക്കുന്ന എൻ.ഡി.എ.യും ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.