e

മണ്ണാർക്കാട്: വിധിയറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും നഗരസഭ ഭരണത്തിന്റെ കാര്യത്തിൽ ഇടത്-വലത് ക്യാമ്പുകളിലെ ആത്മവിശ്വാസം സസ്പെൻസ് വർദ്ധിപ്പിക്കുന്നു.

20 സീറ്റ് നേടി നഗരസഭയിൽ ഭരണത്തിലേറുമെന്നാണ് യു.ഡി.എഫിന്റെ അവസാനവട്ട വിലയിരുത്തൽ. ഇതിൽ 18 സീറ്റിൽ 100% വിജയവും രണ്ടുസീറ്റിൽ 75% വിജയവുമാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. പോളിംഗ് ശതമാനം ഉയർന്നത് കണക്കുകളെ സാധൂകരിക്കുന്നെന്നാണ് മുന്നണി നേതൃത്വം ഉറപ്പിക്കുന്നത്.

അതേസമയം 17 സീറ്റ് നേടി ഭരണത്തിലെത്തും എന്നതാണ് എൽ.ഡി.എഫ് പ്രതീക്ഷ. ഒന്നോ രണ്ടോ സീറ്റുകളിൽ നേരിയ വ്യത്യാസം വന്നാൽപ്പോലും ഭരണം പിടിക്കാനാവശ്യമായ 15 സീറ്റ് നേടുമെന്ന കാര്യത്തിൽ 100% ഉറപ്പാണ് ഇടതുക്യാമ്പിന്. ബ്രാഞ്ച് തലം മുതൽ ശേഖരിച്ച കൃത്യമായ കണക്കെടുപ്പാണിതെന്ന് പറയുന്ന നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.

നിലവിൽ മൂന്ന് സീറ്റെന്നത് അഞ്ചായി വർദ്ധിക്കുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ പ്രതീക്ഷ. ചിലപ്പോൾ ആറുവരെ ലഭിച്ചേക്കാം. നിരവധി വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു.

കഴിഞ്ഞ പ്രാവശ്യം ഒപ്പത്തിനൊപ്പം വന്നതും ഈ തിരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടവും മൂലം രാഷ്ട്രീയ നിരീക്ഷകർ പോലും കൃത്യമായ പ്രവചനത്തിനാകാതെ കുഴങ്ങുന്ന കാഴ്ച സൃഷ്ടിക്കുകയാണ്. ഇതിന്റെയെല്ലാം ഉത്തരം ഇന്നുരാവിലെ പത്തിന് അറിയാനാകും. നഗരവാസികൾ സസ്പെൻസിൽ നിൽക്കുമ്പോഴും ഭരണം പിടിക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ലാതെ വിജയാഹ്ലാദ പ്രകടനത്തിന് ഒരുങ്ങുകയാണ് മുന്നണികൾ.