ldf
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചതിനെ തുടർന്ന് നഗരത്തിൽ സി.പി.എം പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം

പാലക്കാട്: 'പൂവേ എങ്ങനെ ചുവന്നിത്ര ? വേര് അടിത്തട്ടിനെ തൊട്ടു അത്രതന്നെ' തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പ്രകടനത്തെ കവി ജീവേഷിന്റെ ഈ രണ്ടുവരികൾ കൊണ്ട് കാവ്യാത്മകമായി വിവരിക്കാം.

പ്രാദേശിക വികസന വിഷയങ്ങളും സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ ഭരണവും വിവാദങ്ങളും ഉൾപ്പെടെ ചർച്ചയായ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു.

ജില്ലയിലെ 88 പഞ്ചായത്തുകളിൽ 61ലും ഭരണം ഇടതുപക്ഷത്തിനൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 പഞ്ചായത്തുകൾ നഷ്ടമായി. യു.ഡി.എഫിന് 25ഉം മലമ്പുഴയിലും പറളിയിലും ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലുമാണ്. ഇവിടെ ഇടതുപക്ഷവും ബി.ജെ.പിയുമാണ് ഒപ്പത്തിനൊപ്പം.

രാഷ്ട്രീയമായി അതിശക്തമായ മത്സരം നടന്ന ഏഴ് നഗരസഭകളിൽ അഞ്ചിടത്തും ഭരണം പിടിച്ചെടുത്താണ് ഇടതുപക്ഷം നെല്ലറയിൽ ചുവപ്പ് പടർത്തിയത്. കഴിഞ്ഞതവണ നാല് നഗരസഭകളിൽ വിജയിച്ച യു.ഡി.എഫിന്റെ പോരാട്ടം ഇത്തവണ മണ്ണാർക്കാട് മാത്രമായി അവസാനിച്ചു. പാലക്കാട് നഗരസഭയിൽ 28 സീറ്റുകൾ സ്വന്തമാക്കി ബി.ജെ.പി തുടർഭരണം ഉറപ്പാക്കുകയും ചെയ്തു.

 വിവാദങ്ങൾ ഏശിയില്ല

ജൂലൈ മുതൽ ഇപ്പോഴും തുടരുന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്ന് കരുതിയ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾ തെറ്റി. ഈ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലാണെന്നും സംസ്ഥാന സർക്കാരിന്റെ നാലരവർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകും, അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പ് എന്നാണ് പ്രതിപക്ഷം പറഞ്ഞിരുന്നത്. എന്നാൽ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നത് എന്നാണ് വിലയിരുത്തൽ.

വിവാദങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യവും വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെകുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്സകരണം നടത്താനും സി.പി.എമ്മിനും മുന്നണിക്കും കഴിഞ്ഞിട്ടുണ്ട്. കൂടാതെ പ്രളയ - കൊവിഡ് കാലത്തെ ജനക്ഷേമ പ്രവർത്തനങ്ങളും ഇടപെടലുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഇടതുപക്ഷം വിജയിച്ചുവെന്നും വേണം മനസിലാക്കാൻ.

 തിരുത്താൻ സമയം കുറവ്

ഇനിയൊരു തിരഞ്ഞെടുപ്പ് കാലത്തിന് വെറും അ‌ഞ്ച് മാസംമാത്രമാണ് അവശേഷിക്കുന്നത്. ഏപ്രിൽ, മെയ് മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങും. രണ്ടുമാസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന സൂചന.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായ യു.ഡി.എഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. തിരഞ്ഞെടുപ്പ് അടവുകൾ മാറ്റി വീണ്ടും രംഗത്തേക്ക് ഇറങ്ങാൻ ഇനി അധികസമയം ഇല്ല എന്നതാണ് വസ്തുത.

പാലക്കാട് നഗരസഭയിലെ തിളക്കമാർന്ന വിജയവും മലമ്പുഴ, പറളി പഞ്ചായത്തുളിലെ ബി.ജെ.പിയുടെ മുന്നേറ്റവും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ശുഭപ്രതീക്ഷയാണ്. ഈ വിജയം അടുത്ത തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള പദ്ധതിയാകും എൻ.ഡി.എ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുക.

 നഗരസഭകളിൽ യു.ഡി.എഫിന് കൈ പൊള്ളി

പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മേൽക്കൈ നേടുമ്പോഴും നഗരസഭകളിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. എന്നാൽ, യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ചിറ്റൂർ ഉൾപ്പെടെ അഞ്ച് നഗരസഭകളിൽ ഇത്തവണ ഇടതുപക്ഷമാണ് വിജയിച്ചത്.

പാലക്കാട് ബി.ജെ.പി നിലനിറുത്തിയപ്പോൾ ചിറ്റൂരിനെ കൂടാതെ, ചെർപ്പുളശേരിയും പട്ടാമ്പിയും യു.ഡി.എഫിൽ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തു. ഒപ്പം കഴിഞ്ഞ തവണ വിജയിച്ച ഷൊർണൂരും ഒറ്റപ്പാലവും നിലനിറുത്തുകയും ചെയ്തു. ജില്ലയിൽ യു.ഡി.എഫിനേറ്റ കനത്ത തോൽവി വരുംദിവസങ്ങളിൽ സംഘടനാ തലത്തിൽ വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടയാക്കുമെന്ന് ഉറപ്പാണ്.