ldf

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ ,ബ്ലോക്ക് പഞ്ചായത്തുകൾക്ക് പുറമേ നഗരസഭകളിലും കരുത്ത് കാട്ടി നെല്ലറയിൽ ഇടതുപക്ഷത്തിന്റെ തേരോട്ടം. പാലക്കാട് നഗരസഭയിൽ ഭൂരിപക്ഷം നേടി തുടർഭരണം ഉറപ്പാക്കുകയും നിരവധി പഞ്ചായത്തുകളിൽ ത്രികോണ മത്സരം കാഴ്ച വയ്ക്കുകയും ചെയ്ത് ബി.ജെ.പി ചുവടുറപ്പിച്ചപ്പോൾ അടിതെറ്റിയത് യു.ഡി.എഫിന്.

മൂന്ന് നഗരസഭകൾ നഷ്ടമായതും, ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകളിൽ മുന്നേറാൻ കഴിയാതെ പോയതും യു.ഡി.എഫിന് തിരിച്ചടിയായി. ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്തിയതാണ് ആകെയുള്ള ആശ്വാസം.

ജില്ലാ പഞ്ചായത്ത്
കക്ഷി നില കഴിഞ്ഞതവണത്തേതിന് സമാനം. 30 ഡിവിഷനുകളിൽ 27 ൽ എൽ.ഡി.എഫ് വിജയിച്ചു. മൂന്നെണ്ണം യു.ഡി.എഫിന്. കഴിഞ്ഞ തവണ നഷ്ടപ്പെടുത്തിയ അലനെല്ലൂരും തെങ്കരയും പിടിച്ചപ്പോൾ കൊടുവായൂരും കാഞ്ഞിരപ്പുഴയും നഷ്ടപ്പെടുത്തി.

നഗരസഭ
ഏഴ് നഗരസഭകളിൽ മുന്നണികൾക്ക് കേവല ഭൂരിപക്ഷം മൂന്നിടത്ത് മാത്രമാണ്. പാലക്കാട് ബി.ജെ.പിക്കും ചിറ്റൂർ - തത്തമംഗലം, ചെർപ്പുളശ്ശേരി നഗരസഭകളിൽ എൽ.ഡി.എഫിനും കേവല ഭൂരിപക്ഷത്തോടെ ഭരണത്തിലെത്താൻ കഴിഞ്ഞു. ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൽ.ഡി.എഫും മണ്ണാർക്കാട് യു.ഡി.എഫും ഭരിക്കും. പട്ടാമ്പിയിൽ സ്വതന്ത്ര മുന്നണിയായ വി ഫോർ പട്ടാമ്പിയുടെ പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ ഒറ്റപ്പാലവും ഷൊർണൂരും മാത്രമാണ് എൽ.ഡി.എഫ് ഭരിച്ചത്. ഇത്തവണ അഞ്ച് നഗരസഭകളിൽ ഭരണത്തിലേറാനായി.

ബ്ലോക്ക് പഞ്ചായത്ത്
. 13 ബ്ലോക്കിൽ പതിനൊന്നും എൽ.ഡി.എഫിനൊപ്പം. കഴിഞ്ഞ തവണത്തേതു പോലെ മണ്ണാർക്കാടും പട്ടാമ്പിയും മാത്രമാണ് യു.ഡി.എഫിന്. മണ്ണാർക്കാട് ബ്ലോക്കിൽ യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റ് അധികം പിടിച്ചപ്പോൾ പട്ടാമ്പിയിൽ യു.ഡിഎഫിന് ഒരു സീറ്റിന്റെ നഷ്ടം.

ഗ്രാമപഞ്ചായത്ത്
88 പഞ്ചായത്തുകളിൽ 61 എണ്ണം എൽ.ഡി.എഫും 25 എണ്ണം യു.ഡി.എഫും നേടി. രണ്ടിടത്ത് ആർക്കും ഭൂരിപക്ഷമില്ല. പറളി, മലമ്പുഴ പഞ്ചായത്തുകളിലാണ് തൂക്ക് സഭ. പറളിയിൽ 20 സീറ്റിൽ എട്ടുവീതം എൽ.ഡി.എഫും ബി.ജെ.പിയും നേടി. യു.ഡി.എഫിന് മൂന്നു സീറ്റാണ്. ഒരു സ്വതന്ത്രനും വിജയിച്ചു. മലമ്പുഴയിൽ 13 സീറ്റിൽ അഞ്ചുവീതം സീറ്റുകളാണ് ബി.ജെ.പിക്കും എൽ.ഡി.എഫിനും.