
സ്വപ്‌നങ്ങളുടെ നൂലിഴ പിരിച്ച് നിറമുള്ള ജീവിതം നെയ്‌തെടുത്തിരുന്ന സംസ്ഥാനത്തെ നെയ്‌ത്തുശാലകൾ ഇന്ന് നിലച്ച തറികളുടെ നിശബ്ദ കൂടാരങ്ങൾ മാത്രമാണ്. കൊവിഡ് പരമ്പരാഗത കൈത്തറി മേഖലയുടെ താളംതെറ്റിച്ചിരിക്കുന്നു. വാർഷിക കച്ചവടത്തിന്റെ 30 ശതമാനം നടക്കേണ്ട വിഷുക്കാലം മഹാമാരി കാർന്നു, ഓണത്തിന്റെ പ്രതീക്ഷകളും കരിനിഴലിലായതോടെ കേരളത്തിന്റെ നെയ്ത്തുഗ്രാമങ്ങളിലെ തറികളുടെ ഇഴയടുപ്പം നഷ്ടമായി എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ, മുന്നിലുള്ള പ്രതിസന്ധികളെയെല്ലാം നേരിട്ട് ഇടക്കാലത്ത് കൈമോശംവന്ന കൈത്തറിപ്പെരുമ തിരിച്ചുപിടിക്കാൻ തയ്യാറെടുക്കുകയാണ് പാലക്കാട്ടെ പേരുകേട്ട പൈതൃക ഗ്രാമമായ പെരുവെമ്പ്. കേരള സാംസ്‌കാരിക വകുപ്പിന്റെ 'പൈതൃക കലാഗ്രാമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച റൂറൽ ആർട് ഹബ്ബിലെ 'ഊടും പാവും' പദ്ധതിയാണ് പരമ്പരാഗത തൊഴിൽ മേഖലയിൽ പുതിയ വിപ്ലവം തീർക്കുന്നത്. മൈസൂരിൽ നിന്ന് കുടിയേറിയ നെയ്‌ത്തു തൊഴിലാളികളുടെ പിൻ തലമുറക്കാർ പെരുവെമ്പിലെ കല്ലൻചിറയിലുണ്ട്. ഇവരിപ്പോഴും നെയ്‌ത്ത് ഉപജീവന മാർഗമായി കൊണ്ടുനടക്കുന്നുമുണ്ട്. എന്നാൽ, പലകാരണങ്ങളാലും ഇവർക്ക് പരമ്പരാഗത നെയ്‌ത്തുരീതി നിലനിറുത്തിപോകാൻ കഴിഞ്ഞിരുന്നില്ല. അത് മേഖലയുടെ നിലനിൽപ്പിന് തിരിച്ചടിയായെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽകൈത്തറിയിലെ പഴമയെ വീണ്ടെടുക്കുകയും പുതിയ കാലത്തിന് സ്വീകാര്യമാക്കുന്ന തരത്തിൽ മോടികൂട്ടുകയും ചെയ്യുകയാണ് കല്ലൻചിറയിലെ നെയ്‌ത്തുഗ്രാമം. പരമ്പരാഗത തൊഴിൽ മേഖലയിൽ നിരവധി വനിതകൾക്ക് പരിശീലനം നൽകി, അവരെ ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന രീതിയാണ് ആർട് ഹബ്ബിലേത്. പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ 20 പൈതൃക ഗ്രാമങ്ങളിൽ ഒന്നാണ് പെരുവെമ്പ്. വാദ്യോപകരണ നിർമ്മാണത്തിലും കൈത്തറി നെയ്‌ത്തിലുമുള്ള പെരുമയാണ് പെരുവെമ്പിനെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഇടയാക്കിയത്. മൂന്നുമാസത്തെ പരിശീലനം ലഭിച്ച 30 പേർ ഇന്ന് ഈ ഗ്രാമത്തിലുണ്ട്. അതിൽ ഭൂരിഭാഗം പേരും ഈ മേഖലയിൽ സജീവമാണ് എന്നതും ശ്രദ്ധേയമാണ്. സർക്കാർ സ്‌റ്റൈപെൻഡോടെയായിരുന്നു മൂന്നുമാസത്തെ പരിശീലനം. ഇപ്പോൾ വേതനം നൽകുന്നുണ്ട്. കൊവിഡ് കാലത്തിന്റെ സ്വാഭാവിക പ്രയാസങ്ങൾ മാറ്റിനിർത്തിയാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ റൂറൽ ആർട് ഹബ്ബിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള 'സർഗാലയ'യ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പൈതൃക കലാഗ്രാമങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ മത്സരിക്കാനുള്ള ഗുണമേന്മയും ആകർഷകത്വവും കൈവരുത്തുക എന്നതാണ് സർഗാലയയുടെ പ്രധാന ലക്ഷ്യം. നിലവിൽ പെരുവെമ്പിലെ പഞ്ചായത്ത് വാടകയ്ക്ക് നൽകിയ കെട്ടിടത്തിലാണ് നെയ്‌ത്തുകേന്ദ്രം പ്രവർത്തിക്കുന്നത്. പത്ത് തറികളാണുള്ളത്. ഇത് 20 എണ്ണമാക്കി ഉയർത്താനുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണെന്ന് അധികൃതർ.
ഉത്പന്നങ്ങൾക്ക് സ്ഥിരവിപണി ഉറപ്പാക്കും
പൈതൃക കലാഗ്രാമങ്ങളിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ മത്സരിക്കാനുള്ള ഗുണമേന്മയും ആകർഷകത്വവും കൈവരുത്തുക എന്നതാണ് സർഗാലയയുടെ പ്രധാന ലക്ഷ്യം. അതതു ഗ്രാമങ്ങളിൽ പരമ്പരാഗത തൊഴിലാളികളെ ചേർത്ത് സ്വാശ്രയസംഘം രൂപീകരിച്ചശേഷം ഇവർക്ക് സഹയാങ്ങൾ നൽകിയാണ് പദ്ധതി തുടങ്ങിയത്. ഇവരുടെ മികച്ച ഉത്പന്നങ്ങൾക്ക് നല്ല വില ഉറപ്പാക്കുന്ന ധാരാളം വിപണികൾ സൃഷ്ടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പദ്ധതി കോർഡിനേറ്റർമാർ പറയുന്നു. ഉത്പാദന കേന്ദ്രങ്ങൾ സാങ്കേതികമായി നവീകരിക്കാനുള്ള ശ്രമങ്ങളും അനുബന്ധമായി നടക്കുന്നുണ്ട്. സ്ഥിരമായ വില്പന ഉറപ്പുവരുത്താൻ ഓൺലൈൻ മാർക്കറ്റിംഗും നടപ്പാക്കുമെന്ന് അധികൃതർ പറയുന്നു.
സെറ്റ് സാരി, ഡബിൾ മുണ്ട്, സെറ്റ് മുണ്ട്, കുട്ടികളുടെ മുണ്ട്, സിൽക്ക് സാരി, ലിനൻ സാരി, ലിനൻ ഷർട്ട്, കോട്ടൻ ഷർട്ട്, എന്നിവ ഉൾപ്പെടെ ഇവിടെ ഒരുക്കുന്നുണ്ട്. ഇവിടെ നെയ്ത സാരികൾ 'വിന്നിംഗ് ലീപ് 2020' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് സർഗാലയയിൽ പ്രദർശനത്തിന് വച്ചിരുന്നു. ഇതിന് നല്ല സ്വീകാര്യത ലഭിച്ചതായി അണിയറ പ്രവർത്തകർ പറയുന്നു.
പഴമയുടെ പെരുമ നിലനിറുത്താനുള്ള ശ്രമം കൂടിയാണ് റൂറൽ ആർട്ട് ഹബ് നടത്തുന്നത്. കണ്ണൂരിലെ നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷനിൽ നിന്നാണ് നൂല് വാങ്ങുന്നത്. ഈ നൂല് വേവിച്ച് ബോബിൻ ചുറ്റി,
വാർപ്പിങ് യന്ത്രത്തിലിട്ടാണ് പാവാക്കുന്നത്. പിന്നീട് പശയിട്ട് അച്ചിൽ കൂട്ടിച്ചേർക്കും. 22 മീറ്ററുള്ള ഇതിനെ നിവർത്തി ഇരട്ടി നീളത്തിലാക്കി പുറത്തുവച്ച് മടുപ്പുചുറ്റും. പിന്നീടത് റോളിൽ ചുറ്റി തറിയിലേക്ക് കയറ്റുന്നതു വരെയുള്ള നെയ്‌ത്തിന്റെ പരമ്പരാഗത രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. ഇങ്ങനെ നെയ്‌തെടുക്കുന്ന വസ്ത്രങ്ങളുടെ നിലവാരം കൂടും.
തൊഴിൽ മേഖലയുടെ നിലനിൽപ്പിന് കൂട്ടായ്മകൾ അനിവാര്യം
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ കയർ മേഖല കഴിഞ്ഞാൽ രണ്ടാംസ്ഥാനം കൈത്തറി മേഖലയ്ക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖലയിലെ ഭൂരിഭാഗം തറികളും സഹകരണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ബാക്കി വ്യവസായ സംരംഭകരുടെ കൈകളിലും. വ്യാവസായിക മാതൃകയിലും കുടിൽ മാതൃകയിലുമുള്ള സംഘങ്ങൾ ഉൾക്കൊള്ളുന്നതാണ് സഹകരണ മേഖല. നിലവിൽ കൈത്തറി മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലാളികൾ ഉപജീവനത്തിനായി മറ്റ് തൊഴിലുകൾ തേടി പോകുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ പരമ്പരാഗത തൊഴിൽ എന്ന നിലയിൽ കൈത്തറി മേഖലയുടെ നിലനിൽപ്പിന് റൂറൽ ആർട്ട് ഹബ് നൽകുന്ന സേവനം മാതൃകാപരമാണ്. ചെറിയ വീടുകളിൽ നെയ്‌ത്തിനുള്ള തറി സ്ഥാപിക്കാൻ ഇടമില്ല. മാത്രമല്ല, പണ്ടത്തെപോലെ വീടുകളിൽ സഹായിക്കാനും ആളുകളില്ല. ആർട്ട് ഹബ്ബിലാകുമ്പോൾ കൂട്ടായ്മയിലൂടെ വസ്ത്രം നെയ്‌തെടുക്കാനാകും. ജോലിക്ക് പോകുന്നതു പോലെ പോയി വന്നാൽ മതി. വിൽപ്പനയുടെ കാര്യത്തിലും ആശങ്ക വേണ്ട. സ്ഥിരം വരുമാനവും ലഭിക്കും. കൈത്തറി മേഖലയ്ക്ക് റൂറൽ ആർട് ഹബ്ബിലൂടെ നല്ലകാലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.