
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ 12ൽ പത്തോളം നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ അവകാശപ്പെടാനാകും. നഗരസഭയിൽ ഉൾപ്പെടെ തകർന്നടിഞ്ഞ യു.ഡി.എഫിന് അല്പമെങ്കിലും ആശ്വാസം നൽകുന്നത് തൃത്താല നിയമസഭാ മണ്ഡലത്തിലെ മെച്ചപ്പെട്ട പ്രകടനം മാത്രമാണ്. ഇവിടെ ഒരു പഞ്ചായത്ത് നിലനിറുത്തിയപ്പോൾ രണ്ടു പഞ്ചായത്തുകൾ ഇടതുപക്ഷത്തിന്റെ കൈയ്യിൽ നിന്ന് പിടിച്ചെടുക്കാനും സാധിച്ചു. ഒരിടത്ത് തുല്യശക്തികളായി മത്സരം അവസാനിപ്പിക്കേണ്ടിയും വന്നു.
എന്നാൽ, യു.ഡി.എഫിന്റെ കൈയിലുള്ള പാലക്കാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ പാലക്കാട് നഗരസഭയിൽ 28 സീറ്റുകൾ നേടി ബി.ജെ.പി ഭരണം പിടിച്ചത് ഇരു മുന്നണികളെയും ആശങ്കയിലാക്കുന്നു. പാലക്കാടിന് പുറമേ, മലമ്പുഴ മണ്ഡലത്തിലും ബി.ജെ.പി കരുത്തുകാട്ടി. മലമ്പുഴ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
നിലവിൽ നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതെണ്ണം എൽ.ഡി.എഫിനൊപ്പമാണ്. തരൂർ, ആലത്തൂർ, നെന്മാറ, ചിറ്റൂർ, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി എന്നിവയാണ് ഇടതുപക്ഷത്തിന്റെ കൈയ്യിലുള്ളത്. മണ്ണാർക്കാട്, പാലക്കാട്, തൃത്താല മണ്ഡലങ്ങൾ മാത്രമാണ് യു.ഡി.എഫിനുള്ളത്.