nelliyambathy

കെടുതികൾ ഏൽപ്പിച്ച വലിയ ആഘാതം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര മേഖലകൾ. നിപ്പ, പ്രളയം, കൊവിഡ് എന്നിങ്ങനെ തുടരെത്തുടരെ ഏറ്റ തിരിച്ചടികൾ ഓരോന്നിനെയും അതിജീവിച്ച് മുന്നേറുന്ന ടൂറിസംമേഖല പുതുവർഷത്തെ പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്. ദുരിതങ്ങളുടെ പെരുമഴ പെയ്ത 2020 വിടപറയുമ്പോൾ നല്ല നാളുകളെ വരവേൽക്കാനായി വാതിൽ തുറന്നിടുകയാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ നെല്ലിയാമ്പതിയും പറമ്പിക്കുളവും സൈലന്റ് വാലിയും.

ലോക്ക് ഡൗൺ ഇളവുകളിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങിതുടങ്ങിയതോടെ കൊവിഡിനെ അതിന്റെ പാട്ടിനുവിട്ട് സഞ്ചാരികൾ ചുരം കയറുകയാണ്, മഞ്ഞും തണുപ്പുമുള്ള ഡിസംബർ മതിയാവോളം ആസ്വദിക്കാൻ. പത്തുമാസത്തോളം അടഞ്ഞുകിടന്ന നെല്ലിയാമ്പതിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. അതിരാവിലെ നെല്ലിയാമ്പതിയിലെത്തി കാഴ്ചകൾ കണ്ടു മടങ്ങുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ഇവിടെയാക്കാമെന്ന് ആഗ്രഹിച്ച് എത്തുന്നവരും കുറവല്ല. നെല്ലിയാമ്പതിയിൽ വിവിധ ഭാഗങ്ങളിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ബുക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. പലകപ്പാണ്ടി, ആനമട, പുലയമ്പാറ, ചന്ദ്രാമല, നൂറടി, പാടഗിരി, പകുതിപ്പാലം തുടങ്ങിയ ഭാഗങ്ങളിലായി ചെറുതും വലുതുമായ 31 റിസോർട്ടുകളിലാണ് താമസസൗകര്യമുള്ളത്. ഇവിടങ്ങളിലായി ഏകദേശം 300 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള റിസോർട്ടിൽ ഏഴ് മുറികളാണുള്ളത്. പക്ഷേ, തോട്ടം മേഖലയോടു ചേർന്നുള്ള സ്വകാര്യ റിസോർട്ടുകളാണ് സഞ്ചാരികൾക്ക് പ്രിയം. ഇവയെല്ലാം ഡിസംബർ ആദ്യം തന്നെ ബുക്കിംഗ് പൂർത്തിയായതായി നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

അവധി ദിവസങ്ങളിൽ ആൾത്തിരക്ക്

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ അവധി ദിവസങ്ങളിൽ മാത്രം 7,000 ത്തിലധികം സഞ്ചാരികളാണ് നെല്ലിയാമ്പതി ആസ്വദിക്കാനെത്തുന്നത്. സീതാർക്കുണ്ട്, സർക്കാർ ഓറഞ്ച് ഫാം, കേശവൻപാറ, കാരപ്പാറ തൂക്കുപാലം എന്നിവിടങ്ങൾ മതിവരുവോളം ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങാറ്. കാരാശൂരി, മിന്നാംപാറ ഭാഗങ്ങളിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിംഗ് നടത്താമെങ്കിലും ഇവിടങ്ങളിൽ താമസ സൗകര്യത്തിന്റെ കുറവ് കാരണം സന്ദർശകർ അധികം എത്താറില്ലെന്ന് അധികൃതർ പറയുന്നു.

സർക്കാർ ഓറഞ്ച് ഫാമിൽ ഇപ്പോൾ വിളവെടുപ്പ് കാലമാണ്. സഞ്ചാരികൾ എത്തിയതോടെ കച്ചവടവും വർദ്ധിച്ചതായി ഫാം അധികൃതർ വ്യക്തമാക്കുന്നു. സ്ക്വാഷ് വിപണിയും സജീവമാണ്. ശനി, ഞായർ ദിവസങ്ങളിൽ മാത്രം കാൽലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ട് ഇവിടെ. നെല്ലിയാമ്പതി ഉണർന്നതോടെ ഒരു വർഷത്തോളമായി അനക്കമില്ലാതിരുന്ന ടൂറിസ്റ്റ് ടാക്‌സി, റിസോർട്ട്, വ്യാപാരമേഖലകളും ചലിച്ചുതുടങ്ങി എന്നതാണ് പ്രതീക്ഷ നൽകുന്ന ഘടകം.

സൈലന്റ്‌ വാലിയും

ബൊമ്മിയാംപടി പാക്കേജും

അട്ടപ്പാടിയുടെ മനോഹാരിതയെയും സൈലന്റ്‌വാലിയുടെ നിശബ്‌ദ വന്യതയെയും സമന്വയിപ്പിക്കുന്ന ബൊമ്മിയാംപടി പാക്കേജാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. രണ്ടുപേർക്ക് താമസിക്കാൻ 6,500 രൂപയും അഞ്ചുപേർക്ക് 14,500 രൂപയുമാണ് ചെലവ്. സഞ്ചാരികൾക്ക് കൈയുറ, മുഖാവരണം, അണുനാശിനി എന്നിവയെല്ലാം വനംവകുപ്പ് വിതരണം ചെയ്യും. പത്തു വയസിനു താഴെയും 65ന് മുകളിലുമുള്ളവർക്കും തത്കാലം പ്രവേശനാനുമതിയില്ല. സൈരന്ധ്രിവരെ അഞ്ചുമണിക്കൂർ നേരത്തെ സഫാരിയിൽ സഞ്ചാരികൾക്ക് 23 കിലോമീറ്റർ കാനനഭംഗി ആവോളം ആസ്വദിച്ച് മടങ്ങിയെത്താം. അഞ്ചുപേർക്ക് ഒരു ജീപ്പിൽ 3,250 രൂപയാണ് നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സൈലന്റ്‌ വാലിയിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.

ചങ്ങാടയാത്രയും സിംഫണിയും

ഒഴിവാക്കി പറമ്പിക്കുളം

ജില്ലയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പറമ്പിക്കുളം കടുവസങ്കേതം. ഈമാസം ആദ്യവാരത്തിൽതന്നെ തുറന്നെങ്കിലും വെബ്സൈറ്റ് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് സഞ്ചാരികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. നിലവിൽ www.Parambikulam.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ബുക്കിംഗ് ചെയ്യാവുന്നതാണ്. ഓൺലൈനായി പണമടച്ചാൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കുകയുള്ളൂ.

തദ്ദേശ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ ബുക്കിംഗ് എണ്ണം വർദ്ധിച്ചതായി അധികൃതർ പറയുന്നു. ക്രിസ്മസ് - പുതുവർഷ ദിനങ്ങളിലാണ് കൂടുതൽ ബുക്കിംഗ് ഉള്ളത്.

മൂന്നുപേർക്കു താമസിക്കാവുന്ന 20 മുറികളും അഞ്ചുപേർക്ക് താമസിക്കാവുന്ന വീട്ടിക്കുന്നൻ ദ്വീപ് ( ഇവിടെ താമസത്തിന് ഹട്ടുകൾ ഉണ്ട് ) എന്നിവയാണ് ഇപ്പോൾ വാടകയ്ക്ക് നൽകുന്നത്. മറ്റ് താമസസ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ അതിവേഗം പുരോഗമിക്കുകയാണ്. ചങ്ങാടയാത്ര (ബാംബു റാഫ്റ്റിങ്), ട്രൈബൽ സിംഫണി (ആദിവാസി നൃത്തം) എന്നിവ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്നില്ലെന്ന് വിനോദസഞ്ചാരത്തിന്റെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ ജിതിൻ പറഞ്ഞു. എന്നിരുന്നാലും വനവിഭവങ്ങളുടെ തനി രുചികൾ ആസ്വദിച്ച് കാട്ടാനകളെയും മാനുകളെയും കാട്ടുപോത്തുകളെയും കണ്ടുള്ള കാനനയാത്ര ചെയ്യാമെന്നതു തന്നെയാണ് പറമ്പിക്കുളത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അതിഥികൾ വരുമ്പോൾ മുൻകരുതൽ ഉറപ്പാക്കി കാത്തിരിക്കുകയാണ് ജില്ലയിലെ വിനോദ സഞ്ചാരമേഖലകളെല്ലാം.