president

പാലക്കാട്: ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന്റെ മേൽക്കൈ പ്രകടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ വീറു വാശിയും നിറഞ്ഞ രാഷ്ട്രീയ പോരാട്ടം നടന്നത് നഗരസഭകളിലായിരുന്നു. അതിൽ ഏഴിൽ അഞ്ചിലും ഭരണം നേടി ഇടതുപക്ഷം കരുത്ത് കാട്ടിയപ്പോൾ പാലക്കാട് നിലനിറുത്തിയാണ് ബി.ജെ.പി ശക്തിപ്രകടനം നടത്തിയത്. കഴിഞ്ഞ തവണത്തെ മൂന്ന് നഗരസഭകൾ കൈവിട്ട് മണ്ണാർക്കാട് മാത്രം നിലനിറുത്തിയ യു.ഡി.എഫ് ഇവിടെയും ഏറെ പിന്നിലായി. ജയ - പരാജയങ്ങളുടെ കണക്കെടുപ്പും കാരണങ്ങളും രാഷ്ട്രീയ നേതൃത്വം ചർച്ചചെയ്യുമ്പോൾ ജനങ്ങൾ കാത്തിരിക്കുന്നത് ആരാവും ഈ നഗരസഭകളിലെ ഭരണതലപ്പത്ത് എത്തുക എന്നതാണ്. മുന്നണികളിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 പാലക്കാട്

സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട പോരാട്ടം നടന്ന പാലക്കാട് നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഭരണതുടർച്ച ഉറപ്പാക്കിയത്. മുൻ നഗരസഭാ ചെയർപേഴ്സൺ, ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ പ്രമുഖർ വിജയിച്ചതോടെ ആരാകും അദ്ധ്യക്ഷ ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലെത്തുക എന്നതാണ് ചൂടേറിയ ചർച്ച. ഇത്തവണയും ചെയർപേഴ്സൺ സ്ഥാനം വനിതാ സംവരണമായതിനാൽ, ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ പ്രമീള ശശിധരന്റെ പേരിനു തന്നെയാണ് മുൻതൂക്കം. അഞ്ചുവർഷത്തെ നഗരസഭ ഭരണത്തിന്റെ അനുഭവസമ്പത്തും സംഘടനാ തലത്തിലെ പ്രവർത്തനമികവും പ്രമീള ശശിധരന് അനുകൂലഘടകമാകും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക്ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസിന്റെ പേരാണ് ഉയർന്നുവന്നിട്ടുള്ളത്. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചശേഷം അന്തിമ തീരുമാനം ഉടനുണ്ടാകും.


 ഒറ്റപ്പാലം

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ഒറ്റപ്പാലം നഗരസഭയിൽ ഇത്തവണയും ഭരണം ഇടതുപക്ഷത്തിനു തന്നെയാണ്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്കാണ് നഗരസഭ എൽ.ഡി.എഫ് ഭരിക്കാനൊരുങ്ങുന്നത്. 33 അംഗ സഭയിൽ എൽ.ഡി.എഫിന് 16 സീറ്റാണുള്ളത്. 9 വീതം സീറ്റുകൾ യു.ഡി.എഫും ബി.ജെ.പിയും നേടിയപ്പോൾ രണ്ട് സീറ്റിൽ സ്വതന്ത്രരാണ് വിജയിച്ചത്.

അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാൽ കണ്ണിയംപുറം വായനശാല വാർഡിൽ നിന്ന് വിജയിച്ച ജാനകി ദേവിയുടെ പേരാണ് സജീവ പരിഗണനയിൽ ഉള്ളത്. ഇവർ കഴിഞ്ഞ ഭരണസമിതിയിലെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. ജാനകി ദേവിക്ക് പുറമേ ടി.ലതയുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ഏരിയാകമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കുന്ന പേര് ജില്ലാ കമ്മിറ്റിയുടെ അംഗികാരത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 ഷൊർണൂർ

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഷൊർണൂർ നഗരസഭയിൽ മുൻവർഷത്തെ പ്രകടനത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും എൽ.ഡി.എഫിന് തുടർഭരണം ഉറപ്പിക്കാനായി. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ ചെയർമാൻ സ്ഥാനാർത്ഥിയായി എം.കെ.ജയപ്രകാശിനെയാണ് എൽഡി.എഫ് ഉയർത്തിക്കാണിച്ചത്. സി.പി.എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗമായ ജയപ്രകാശൻ ഷൊർണൂർ അർബൻ ബാങ്ക് ജനറൽ മാനേജറുമാണ്.

 പട്ടാമ്പി

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ പട്ടാമ്പി പിടിച്ചെടുക്കാനായത് ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വലിയ നേട്ടമാണ്. കേവല ഭൂരിപക്ഷം ഇല്ലാത്ത എൽ.ഡി.എഫ് വി ഫോർ പട്ടാമ്പിയുടെ പിന്തുണയോടെയാണ് ഭരിക്കുക. യു.ഡി.എഫ് വിമതരുടെ വി ഫോർ പട്ടാമ്പിക്ക് ആറ് സീറ്റുകളുണ്ട്. പക്ഷേ, ചെയർമാൻ സ്ഥാനം വനിതാ സംവരണമാണ്. ഇടതുമുന്നി ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച സി.പി.ചിത്ര പരാജയപ്പെട്ട് എൽ.ഡി.എഫിന് തിരിച്ചടിയായി. നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വ്യക്തമായ സൂചനകൾ ലഭ്യമായിട്ടില്ല.

വി. ഫോർ പട്ടാമ്പിക്ക് നേതൃത്വം നൽകുന്ന ഷാജിയെ വൈസ് ചെയർമാനാക്കി ചെയർപേഴ്സൺ എൽ.ഡി.എഫ് എടുക്കാനാണ് സാദ്ധ്യത കൂടുതൽ.


 ചിറ്റൂർ

കോൺഗ്രസിന്റെ കുത്തകയായിരുന്ന ചിറ്റൂരിൽ യുവാക്കളെയും സ്വതന്ത്രരെയും ഇറക്കിയാണ് ഇടതുമുന്നണി ഭരണം പിടിച്ചെടുത്തത്. ചിറ്റൂരും ഭരണ തലപ്പത്ത് വനിതയാണ് എന്നതാണ് പ്രത്യേകത. മുൻ കൗൺസിലറും മുതിർന്ന സി.പി.എം നേതാവുമായ എ.കണ്ണൻകുട്ടിയുടെ ഭാര്യ ഓമന കണ്ണൻകുട്ടിയുടെ പേരിനാണ് അനൗദ്യോഗിക ചർച്ചകളിൽ മുൻതൂക്കം. ഇവരെ കൂടാതെ മുൻ കൗൺസിലർ കൂടിയായ കെ.കവിതയെയും നേതൃത്വം പരിഗണിച്ചേക്കും. കൗൺസിലിലെ മുൻപരിചയം കവിതയ്ക്ക് മുതൽക്കൂട്ടാണ്.

 ചെർപ്പുളശേരി

രാഷ്ട്രീയ പോരാട്ടം നടന്ന ചെർപ്പുളശേരി നഗരസഭയിൽ 18 സീറ്റുകൾ നേടിയാണ് ഇടതുപക്ഷം ഭരണം പിടിച്ചെടുത്തത്. കരുത്തരെയും പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമാണ് ഇത്തവണ സി.പി.എം സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചത്. സി.പി.എം ചെർപ്പുളശേരി ഏരിയാ കമ്മിറ്റി അംഗം പി രാമചന്ദ്രൻ, മുതിർന്ന നേതാവ് ചോലക്കൽ രാഘവൻ എന്നിവരുടെ പേരുകളാണ് പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മുൻ പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അദ്ധ്യക്ഷനുമായിരുന്നു രാമചന്ദ്രൻ. കോട്ടക്കുന്നിൽ നിന്ന് വിജയിച്ച രാഘവൻ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഈ പരിചയസമ്പത്തും സംഘടനാ തലത്തിലെ നേതൃപാടവും പരിഗണിച്ചാവും പാർട്ടി അന്തിമ തീരുമാനം എടുക്കുക.

 മണ്ണാർക്കാട്

കഴിഞ്ഞ തവണ വിജയിച്ച നാല് നഗരസഭകളിൽ മണ്ണാർക്കാട് മാത്രമാണ് ഇത്തവണ യു.ഡി.എഫിന് നിലനിറുത്താനായത്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്ക് യു.ഡി.എഫിന് ഭരിക്കാം. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി ചുക്കാൻ പിടിച്ച മുസ്ലീം ലീഗിലെ ഫായിദ ബഷീർ ചെയർമാൻ സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായികഴിഞ്ഞു. യു.ഡി.എഫ് യോഗം ചേർന്ന് ഒൗദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരുപ്പാണ് പ്രവർത്തകർ.

 ജില്ലാ പഞ്ചായത്തിലേക്ക് ബിനുമോൾ

നഗരസഭകളെ പോലെ തന്നെ ജില്ലാ പഞ്ചായത്തിലും അദ്ധ്യക്ഷ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. മലമ്പുഴ ഡിവിഷനിൽ നിന്ന് വിജയിച്ച ബിനുമോളുടെ പേരാണ് പാർട്ടിനേതൃത്വം പരിഗണിക്കുന്നത്. കഴിഞ്ഞ തവണത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്ണായിരുന്നു. കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവും കൂടിയാണ്. 21ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയുണ്ടാകും.