 
പാലക്കാട്: ക്രിസ്മസിന് കേക്ക് ഇല്ലാതെ എന്ത് ആഘോഷം... 'പ്ലം കേക്കു'കളാണ് എന്നും ക്രിസ്മസ് വിപണിയിലെ താരങ്ങൾ. 'ക്രീം കേക്കുകൾ'ക്കും ഇഷ്ടക്കാരേറെയുണ്ട്. ഡിസംബർ രണ്ടാംവാരത്തോടെ ഉണർന്ന കേക്ക് വിപണി ജനുവരിവരെ നീണ്ടുനിൽക്കും. ക്രിസ്മസും പുതുവർഷവും മുന്നിൽകണ്ടാണിത്. വിവിധ നിറത്തിലും ഡിസൈനിലുമുള്ള കേക്കുകൾ ഇതിനോടകം ബേക്കറിയിലെ ചില്ലുകൂട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹോം മെയ്ഡ് മുതൽ കുടുംബശ്രീ കേക്കുകൾ വരെ വിപണിയിലെ താരങ്ങളാണ്. പ്രമേഹരോഗികൾക്കായി 'ഷുഗർ ഫ്രീ' കേക്കുകളുമുണ്ട്.
പ്ലം വിത്ത് കോംപേസ്റ്റ്, റിച്ച് പ്ലം ചോക്കോനട്ട്, റിച്ച് ഫ്രൂട്ട് കേക്ക് തുടങ്ങി പ്ലം കേക്കിൽമാത്രം പത്തിലധികം വെറൈറ്റിയുണ്ട്. ഇതിൽ ഉപയോഗിക്കുന്ന ഫ്രൂട്ട്സ്, തയ്യാറാക്കുന്ന വിധം എന്നിവയ്ക്കനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. 140 രൂപ മുതലുള്ള പ്ലം കേക്കുകൾ വിപണിയിലുണ്ട്. ക്രീം കേക്കുകൾ 300 രൂപ മുതൽ ലഭ്യമാണ്. ഇതിനുപുറമെ, ഉപഭോക്താവിന്റെ ആവശ്യാനുസരണം വലിപ്പത്തിലും നിറത്തിലും തൂക്കത്തിലും വ്യത്യസ്തമായി കേക്കുകൾ നിർമ്മിച്ചുനൽകുന്നുമുണ്ട് ബേക്കറികൾ. ഗിഫ്റ്റ് നൽകുന്നതിനായി പ്ലം കേക്കുകളാണ് കൂടുതലായി വിറ്റുപോകുന്നത്. എന്നാൽ, വീടുകളിലേക്ക് പ്ലം കേക്കുകളെക്കാൾ കൂടുതൽ ഫ്രഷ് ക്രീം കേക്കുകളാണ് വാങ്ങുന്നത്. കൂടാതെ ഐസ്‌ക്രീം കേക്കുകൾക്കും വിപണിയിൽ ആവശ്യക്കാരുണ്ട്.
പ്ലം കേക്കുകൾ 16 ദിവസത്തോളം കേടാകാതിരിക്കും. ഫ്രൂട്ട് കേക്കുകൾ 10 ദിവസം വരെയും ഫ്രഷ് ക്രീം കേക്കുകൾ മൂന്നുദിവസം വരെയും കേടാകാതിരിക്കും. പ്രീമിയം കേക്ക്, ബിസ്‌കറ്റ്, ജ്യൂസ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ അടങ്ങിയ കോംബോ ബോക്സും വിപണിയിലെ താരമാണ്. 750 രൂപ മുതൽ 2,500 രൂപ വരെ ഇവയ്ക്ക് വിലയുണ്ട്. വരുംദിവസങ്ങളിൽ വില്പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.