jai-sriram-banner

പാലക്കാട്: നഗരസഭാ കെട്ടിടത്തിൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ തൂക്കിയ സംഭവത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും.

ഇന്നലെ ഉച്ചയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭയിലേക്ക് പ്രതിഷേധവുമായെത്തി നഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീറാം ബാനർ തൂക്കിയ അതേ ഭാഗത്തു ദേശീയപതാകയുടെ കൂറ്റൻ ഫ്ളക്സ് പ്രദർശിപ്പിച്ച് മുദ്രാവാക്യം വിളിച്ചു.പൊലീസെത്തിയാണ് ഇവരെ നീക്കിയത്. വൈകിട്ട് മൂന്നോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്. ദേശീയപതാകയുമായി നഗരസഭാവളപ്പിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അടിച്ചോടിച്ചു. ഭരണഘടന വായിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധ പ്രകടനത്തിൽ ഡി.വൈ.എഫ്.ഐ ദേശീയപതാക തലകീഴായി പ്രദർശിപ്പിച്ചെന്നാരോപിച്ച് ബി.ജെ.പി പാലക്കാട് മണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. മാർഗതടസം സൃഷ്ടിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് മുപ്പതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.

ജയ് ശ്രീറാം ബാനർ തൂക്കിയതിനെതിരെ നഗരസഭ സെക്രട്ടറി നൽകിയ പരാതിയിൽ കണ്ടാലറിയാവുന്നവർക്കെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.