
ഷൊർണൂർ: ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ നഗരസഭയിൽ ഇടതുപക്ഷം തുടർഭരണം ഉറപ്പാക്കിയെങ്കിലും കേവലഭൂരിപക്ഷമില്ലാത്തത് തലവേദനയാകും. 33 അംഗ സഭയിൽ ഇടതുപക്ഷത്തിന് 16 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ്. ബി.ജെ.പി നിലമെച്ചപ്പെടുത്തി 9 സീറ്റിലേക്ക് ഉയർന്ന് പ്രധാന പ്രതിപക്ഷമായപ്പോൾ യു.ഡി.എഫ് ഏഴിൽ ഒതുങ്ങി. എസ്.ഡി.പി.ഐയ്ക്കും ഒരു സീറ്റുണ്ട്.
ഇടതുമുന്നണിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്താണ് ബി.ജെ.പി ഇത്തവണ കരുത്ത് കാട്ടിയത്. മൂന്നാം വാർഡ് തൃപ്പുറ്റ, 13-ാം വാർഡ് ചുടു വാലത്തൂർ, 23-ാം ഗണേഷ് ഗിരി എന്നിവ നഷ്ടമായത് എൽ.ഡി.എഫിന് തലവേദനയാകും. കേവല ഭൂരിപക്ഷമില്ലാതെ ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുക എന്നത് വെല്ലുവിളിയാണ്. സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതിക്ക് അജണ്ടകൾ പാസാക്കണമെങ്കിൽ അല്പം വിയർപ്പൊഴുക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഒരംഗമുള്ള എസ്.ഡി.പി.ഐയുടെ പിന്തുണയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. പക്ഷേ, ഇത്തരത്തിലുള്ള പ്രാദേശിക നീക്കുപോക്കുകൾക്ക് സി.പി.എം തയ്യാറായാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. എൻ.ഡി.എയും യു.ഡി.എഫും ചേരുന്ന പ്രതിപക്ഷത്തിനും 16 അംഗങ്ങളുണ്ട്. എസ്.ഡി.പി.ഐയുടെ നിലപാട് വളരെ നിർണായകമാകും. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്ക് മൃദുസമീപനത്തോടെ ഭരണം നടത്തുകയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. വാർഡ് 29ൽ നിന്ന് വിജയിച്ച എം.കെ.ജയപ്രകാശിനെയാണ് നഗരസഭാ ചെയർമാനായി എൽ.ഡി.എഫ് നിർദ്ദേശിക്കുന്നത്.
 കപ്പൂർ  ഭരിക്കാൻ ഭാഗ്യം വേണം
കപ്പൂർ പഞ്ചായത്തിൽ കക്ഷിനില തുലാസിലെത്തിയതോടെ ഭരണം തീരുമാനിക്കാൻ ഇനി നറുക്കിടണം. ആകെ 18ൽ കോൺഗ്രസ് അഞ്ചും ലീഗ് നാലുമായി ആകെ 9 സീറ്റുകൾ യു.ഡി.എഫ് നേടിയപ്പോൾ സി.പി.എം എട്ടിൽ ഒതുങ്ങി. കള്ളിക്കുന്നിൽ വിജയിച്ച സ്വതന്ത്രയും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിലും സീറ്റുനില തുല്യമാകും. ഇതോടെ ഭരണം തീരുമാനിക്കാൻ നറുക്കെടുപ്പ് മാത്രമാണ് മുന്നിലുള്ളത്. അതിൽ ഭാഗ്യം ആർക്കൊപ്പമാണെന്ന് കണ്ടുതന്നെ അറിയണം.