accident

*വീണത് സീതാർകുണ്ട് വ്യൂ പോയിന്റിൽ 3500 അടി താഴ്ചയിലേക്ക്

നെല്ലിയാമ്പതി: നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റിൽ സെൽഫിയെടുക്കുന്നതിനിടെ രണ്ട് ഐ.ടി ഉദ്യോഗസ്ഥരെ കൊക്കയിലേക്ക് വീണ് കാണാതായി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപ്(22), കോട്ടായി സ്വദേശി രഘുനന്ദൻ(22) എന്നിവരാണ് 3500 അടി താഴ്ചയിലേക്ക് വീണത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

ബാംഗ്ലൂരിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാക്കൾ സഹപ്രവർത്തകരായ ശരത്ത്, സനൽ എന്നിവരുമൊത്താണ് നെല്ലിയാമ്പതി കാണാനെത്തിയത്. രണ്ടു ബൈക്കുകളിലായാണ് ഇവരെത്തിയത്. സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ സന്ദീപ് വീഴാൻ പോയി. ഇതുകണ്ട് രഘുനന്ദൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും താഴേയ്ക്ക് വീഴുകയായിരുന്നെന്ന് ശരത്തും സനലും പൊലീസിനോട് പറഞ്ഞു.

3500 അടി കൊക്കയിലേക്ക് വീണാൽ മരങ്ങളിൽ തങ്ങിനിൽക്കാനുള്ള സാദ്ധ്യത കുറവാണ്. നെല്ലിയാമ്പതിയുടെ താഴ്വാരത്തെ വനമേഖല കേന്ദ്രീകരിച്ചാണ് രാത്രി വൈകിയും തെരച്ചിൽ പുരോഗമിക്കുന്നത്. വനമേഖലയിൽ വന്യമൃഗ ശല്യമുള്ളതിനാൽ രാത്രി ഏറെ നേരം തെരച്ചിൽ ദുഷ്കരമാണ്. വനപാതയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള നാട്ടുകാരുടെ സഹായത്തോടെ ആലത്തൂർ ഡിവൈ.എസ്.പി. കെ.എം.ദേവസ്യയുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സും പൊലീസും വനംവകുപ്പും അടങ്ങുന്ന സംഘമാണ് കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്.