ദേശീയപതാകയുമായി സി.പി.എം
സത്യപ്രതിജ്ഞയെ തുടർന്ന് സംഘർഷം
പാലക്കാട്: നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, ജയ് ശ്രീറാം വിളികളുമായി ബി.ജെ.പി കൗൺസിലർമാർ. കവാടത്തിൽ അണിനിരന്നു. ഇത് സ്ഥലത്ത് ചെറിയ സംഘർഷാവസ്ഥയ്ക്ക് കാരണമായെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു. വോട്ടെണ്ണൽ ദിവസം ബി.ജെ.പി പ്രവർത്തകർ നഗരസഭാ കെട്ടിടത്തിൽ ജയ് ശ്രീറാം ബാനർ തൂക്കിയത് വിവാദമായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്നലെ സത്യപ്രതിജ്ഞ നടന്നത്. പ്രഥമ യോഗത്തിനു ശേഷം ഹാളിന് പുറത്തിറങ്ങിയ സി.പി.എം അംഗങ്ങൾ പ്രവർത്തകർക്കൊപ്പം ദേശീയപതാകയുമായി മുദ്രാവാക്യം മുഴക്കി. പിരിഞ്ഞുപോയ ബി.ജെ.പി അംഗങ്ങൾ ഇതറിഞ്ഞ് സംഘടിച്ച് നഗരസഭയിലേക്ക് വന്നു. ഇവരെ പൊലീസ് തടഞ്ഞു. ജയ് ശ്രീറാം വിളിയുമായി നഗരസഭ ഗേറ്റിനു സമീപം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും നിലയുറപ്പിച്ചതോടെ, ഇരുവിഭാഗവും പ്രകോപനവുമായി നേർക്കുനേർ വന്നു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും റോഡിൽ ഇരുഭാഗങ്ങളിലേക്ക് മാറ്റിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.
പ്രഥമ യോഗത്തിൽ സജീവ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായി. പുതിയ കൗൺസിലർമാരും നഗരത്തിലെ വികസന വിഷയങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച കെ. ഭവദാസ് ആദ്യഘട്ടത്തിൽ മൗനം പാലിച്ചെങ്കിലും പിന്നീട് യു.ഡി.എഫിന്റെ രക്ഷകനായി അവതരിച്ചത് ശ്രദ്ധേയമായി. 52 അംഗ നഗരസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 28 അംഗങ്ങളുണ്ട്. ഇവർ പാർട്ടി ഓഫീസിൽ നിന്ന് പ്രകടനമായാണ് സത്യപ്രതിജ്ഞക്ക് എത്തിയത്. യു.ഡി.എഫിന് 14, എൽ.ഡി.എഫ് 7, വെൽഫെയർ പാർട്ടി 1, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില.