
പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവെച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ പുതുവത്സരത്തിൽ പുനഃരാരംഭിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോ. മുഴുവൻ സർവീസുകളുംനടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.ഉബൈദ് അറിയിച്ചു.
പാലക്കാട് ഡിപ്പോയിൽ നിന്നുമാത്രം 92 ഓളം സർവീസുകൾ നടത്തിയിരുന്നത് ലോക്ക് ഡൗണായതോടെ 55 ആയി കുറഞ്ഞിരുന്നു. ഇത് വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. ജനുവരി ഒന്നുമുതൽ സംസ്ഥാനത്തിന് അകത്തേക്കുള്ള മുഴുവൻ സർവീസുകളും ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ജില്ലാ ട്രാൻസ് പോർട്ട് ഓഫീസർ വ്യക്തമാക്കി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവനുവദിച്ചതോടെ കോഴിക്കോട്ടേക്ക് രാത്രിക്കാലങ്ങളിലും തൃശൂർ ഭാഗത്തേക്ക് രാത്രി 9.30 വരെയും ബസുകൾ സർവീസ് നടത്തുന്നുണ്ട്. നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്ലേശം കണക്കിലെടുത്ത് ഒരുസർവീസ് കൂടി ആരംഭിക്കും. പുലർച്ചെ 4.30ന് പാലക്കാട്ട് നിന്ന് ആരംഭിക്കുന്ന ബസ് 7.45ന് കാരപ്പാറയിലെത്തും. തുടർന്ന് രാവിലെ 8ന് നെന്മാറയിലേക്ക് സർവീസ് നടത്തും. 11ന് നെന്മാറയിൽ നിന്ന് തിരിച്ച് കാരപ്പാറയിലേക്ക്. അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്ടേക്കും പുറപ്പെടും.
 നാല് സൂപ്പർ ഡീലക്സുകൾ
തിരക്കേറിയ പാലക്കാട് - കോഴിക്കോട് റൂട്ടിൽ 15 - 20 മിനിറ്റ് വ്യത്യാസത്തിൽ ബസുകൾ സർവീസുകൾ നടത്തും. പട്ടാമ്പി, ഗുരുവായൂർ റൂട്ടിലും കൂടുതൽ സർവീസ് ആരംഭച്ചിട്ടുണ്ട്. ക്രിസ്മസ് പുതുവത്സര തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂർ - തൃശൂർ, ബാംഗ്ലൂർ - എറണാകുളം, ബാംഗ്ലൂർ - തിരുവനന്തപുരം, ബാംഗ്ലൂർ - കോട്ടയം തുടങ്ങിയ നാലു സൂപ്പർ ഡീലക്സ് ബസുകളും പാലക്കാടിലൂടെ സർവീസ് നടത്തും. ജനുവരി മൂന്നുവരെ ഈ സർവിസുകളുണ്ടാകും. കേരള, കർണാടക, തമിഴ്നാട് സർക്കാരുകളുടെ കൊവിഡ് മാനദണ്ഡം പാലിച്ചാണ് സർവീസ് നടത്തുന്നത്.
 അനുമതികാത്ത് അന്തർസംസ്ഥാന സർവീസുകൾ
ജനുവരി ഒന്ന് മുതൽ സംസ്ഥാനത്തിനകത്ത് സർവീസുകൾ സാധാരണ പോലെ ആരംഭിക്കുമെങ്കിലും അന്തർസംസ്ഥാന സർവീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിൽ പാലക്കാട് നിന്ന് വാളയാർ വരെയാണ് സർവീസ് നടത്തുന്നത്. ശേഷം തമിഴ്നാട് ഭാഗത്തേക്ക് നടന്നുപോയി തമിഴ്നാട് സർക്കാരിന്റെ ബസ് പിടിച്ചുവേണം യാത്ര തുടരാൻ.
അന്തർ സംസ്ഥാന സർവീസ് ഉടനെ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറയുന്നു.