
പാലക്കാട്: കോഴിക്കോട് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരുതരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുത്ത ഒരുകൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകൾ വ്യാപിക്കുന്നത്. ഇവ ശരീരത്തിനുള്ളിൽ കടന്നുകൂടിയ ശേഷം വിഷവസ്തുക്കളെ പുറപ്പെടുവിക്കുന്നു. വയറിളക്കമാണ് ഷിഗെലോസിസ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രണ്ട് മുതൽ ഏഴ് ദിവസംവരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചിലകേസുകളിൽ ലക്ഷണങ്ങൾ കൂടുതൽ കാലം നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. രോഗം പിടിപെട്ടാൽ വൻകുടൽവീക്കം, പോഷകക്കുറവ്, മലാശയം പുറത്തേയ്ക്ക് തള്ളൽ, സന്ധിവാതം, വിളർച്ച, പ്ലേറ്റ്‌ലെറ്റുകൾ ഗണ്യമായി കുറയുക, വൃക്കകൾ തകരാറിലാവുക എന്നിവ സംഭവിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം, ടെനിസ്മസ്.
രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെയും ഷിഗെല്ല പകരാം. രോഗബാധിതർ തയ്യാറാക്കിയ ഭക്ഷണം വഴിയും മറ്റുള്ളവരിലേക്ക് രോഗം പകർന്നേക്കാം. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആരോഗ്യവാനായ ഒരാളിൽ രോഗലക്ഷണങ്ങൾ 5 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കും. ഇതിനുള്ള ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്
വ്യക്തിശുചിത്വം പാലിക്കുക
തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക
മലവിസർജനത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക
രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക
വയറിളക്കമുള്ള കുട്ടികൾ മറ്റുള്ളവരോട് ഇടപെടുന്നത് വിലക്കുക
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം ഉപയോഗിക്കുക
രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക