 
നെല്ലിയാമ്പതി: സീതാർകുണ്ടിലെ അപകട മുനമ്പിലെത്തുന്ന സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസും വനംവകുപ്പും. നെല്ലിമരത്തിനു താഴെ 50 മീറ്റർ ദൂരത്തിൽ മരക്കൊമ്പുകൾ ഉപയോഗിച്ച് വേലികെട്ടി, പ്രവേശനം നിരോധിച്ചതായി മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. കൂടാതെ സീതാർകുണ്ട് വ്യൂപോയിന്റിനു സമീപത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയും പൂർണമായി അടച്ചു. കഴിഞ്ഞദിവസം കൊക്കയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
ഈമേഖലയിൽ നെല്ലിമരത്തിലും പാറക്കെട്ടിലും കയറി സാഹസിക ഫോട്ടോ പിടിക്കുന്നത് ഉൾപ്പെടെ വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. വലിയ അപകടം നടന്നതിന്റെ പിറ്റേന്നും പ്രദേശത്തേക്ക് എത്തുന്ന സഞ്ചാരികൾ സാഹസികമായ ചിത്രങ്ങളെടുക്കുന്നത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസ് വടംകെട്ടിയും വേലികെട്ടിയും നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വകാര്യ തോട്ടം ഉടമയുടെ സഹകരണത്തോടെയാണ് വേലികെട്ടിയത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ പോത്തുണ്ടി ചെക്‌പോസ്റ്റിലും നിയന്ത്രണം കർശനമാക്കി. രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നുവരെ കടത്തിവിടാനും കണ്ടുമടങ്ങുന്നവർ നിർബന്ധമായും അഞ്ചുമണിക്കു മുമ്പ് ചെക്‌പോസ്റ്റിൽ നിന്ന് തിരിച്ചിറങ്ങണമെന്നും വനം വകുപ്പധികൃതർ പറഞ്ഞു. എന്നാൽ, നെല്ലിയാമ്പതിയിൽ താമസിക്കാനായി എത്തുന്നവരെ വൈകീട്ട് ആറുമണിവരെ പോത്തുണ്ടി ചെക്‌പോസ്റ്റിൽനിന്ന് കടത്തിവിടും.