
പാലക്കാട്: പുതുവർഷത്തിൽ സ്‌കൂളുകൾ തുറക്കുമെന്നത് ചെറിയ ആശ്വാസത്തിനൊപ്പം വലിയ ആശങ്കകളാണ് ഉയർത്തുന്നത്. വിദ്യാർത്ഥികൾക്ക് ക്ലാസിലിരുന്ന് പഠിക്കാമെന്നതും പരീക്ഷ അടുത്തിരിക്കെ അദ്ധ്യാപകർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുമെന്നതുമാണ് നേട്ടം. എന്നാൽ, രോഗവ്യാപന തോത് ഉയരുന്നതും സിലബസിൽ പകുതിയിൽ കൂടുതലും പൂർത്തിയായിട്ടില്ല എന്നതുമാണ് പ്രധാന വെല്ലുവിളി. ജില്ലയിൽ എസ്.എസ്.എൽ.സി റെഗുലർ വിദ്യാർത്ഥികൾ മാത്രം 39000 ത്തോളം വരും. ഇതുകൂടാതെ പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതുന്നവരുമുണ്ട്.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വന്നതോടെ ജില്ലയിലെ സ്കൂളുകൾ അണുനശീകരണം നടത്തുന്ന ജോലികൾക്ക് തുടക്കമായിട്ടുണ്ട്. എസ്.എസ്.എൽ.സി - പ്ലസ്ടു വിദ്യാർത്ഥികൾ കൂടുതലുള്ള സ്കൂളുകളിൽ എച്ച്.എമ്മുമാർക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ അദ്ധ്യയനം ക്രമീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
 വെല്ലുവിളികൾ നിരവധി
ക്ലാസ് മുറികളിലെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതാണ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. പത്ത്, പ്ലസ് ടു ക്ലാസുകൾക്കാണ് ആദ്യഘട്ടത്തിൽ ക്ലാസ് ആരംഭിക്കുക. കൊവിഡ് രോഗികളുമായി സമ്പർക്കമോ രോഗലക്ഷണമോ ഉണ്ടായാൽ പോലും അത് മറച്ചുവെയ്ക്കാനുള്ള പ്രവണത കുട്ടികളിലുണ്ടായേക്കാമെന്നും അദ്ധ്യാപകർ ഭയക്കുന്നു. പരീക്ഷാക്കാലം എല്ലായ്പ്പോഴും സമർദ്ദത്തിന്റേതാണ്. ഇത്തവണ പാഠഭാഗങ്ങൾ പൂർത്തിയാകാത്ത അവസ്ഥയിൽ പരീക്ഷയെ നേരിടേണ്ടിവരുന്നത് കുട്ടികളിലെ സമ്മർദ്ദം വർദ്ധിപ്പിച്ചേക്കും. അതിനാൽ പൊതുപരീക്ഷകൾ മാർച്ച് മാസത്തിൽ തന്നെ നടത്തുമെന്ന സർക്കാർ തീരുമാനത്തോടും ഒരുവിഭാഗം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിയോജിപ്പാണ്.
 പാതിപോലും പിന്നിടാതെ സിലബസ്
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ മൂന്നിലൊന്ന് പാഠഭാഗങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്ലസ്ടു, പത്താം ക്ലാസ് ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാകാൻ ഫെബ്രുവരി പകുതിയെങ്കിലും സമയമെടുക്കും. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പല പാഠങ്ങളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്. ഈ പാഠങ്ങളിൽ നിന്ന് പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരില്ല. ചോദ്യം വരാൻ സാദ്ധ്യതയുള്ള പാഠങ്ങൾ ഇനിയും ആരംഭിക്കാനായിട്ടില്ലെന്നും അദ്ധ്യാപകർ പരാതിപ്പെടുന്നു. ഹോം സയൻസ്, സൈക്കോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പോലുള്ള വിഷയങ്ങൾ ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലെന്ന് രക്ഷിതാക്കളും പരാതി പറയുന്നു. ഇതിനുപുറമേ സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ ക്ലാസുകളെക്കുറിച്ചും ഇതുവരെ ധാരണയായിട്ടില്ലെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും.
 ഫെബ്രുവരിയിൽ റിവിഷൻ
ജനുവരിയിൽ പാഠഭാഗങ്ങൾ മുഴുവൻ എടുത്ത് തീർത്ത് ഫെബ്രുവരി മുതൽ രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് റിവിഷൻ ക്ലാസ് നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനിടെ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകളും സംഘടിപ്പിക്കുമെന്നും പറയുന്നു.
റിവിഷൻ, സംശയ ദൂരീകരണം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾക്കായി അദ്ധ്യാപകരും തയ്യാറെടുത്തുകഴിഞ്ഞു.