
പാലക്കാട്: വോട്ടെണ്ണൽ ദിവസം പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീറാം ബാനർ പ്രദർശിപ്പിച്ച സംഭവത്തിൽ നാലു പേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കന്തറ മേട്ടുതെരുവിൽ കൃഷ്ണതുളസി വീട്ടിൽ ലിനീഷ്(28), പട്ടിക്കര തരകർ ലൈനിൽ എണ്ണക്കോട്ടിൽ സ്ട്രീറ്റിൽ ദാസൻ(44), കൊപ്പം എറങ്ങാട്ട് സ്വദേശികളായ എം.ബിജു, ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം സൃഷ്ടിക്കാനുള്ള പ്രകോപനത്തിനും കുറ്റകരമായ കടന്നുകയറ്റത്തിനും അന്യായമായ സംഘം ചേരലിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
നഗരസഭയിൽ ബി.ജെ.പി ഭൂരിപക്ഷത്തോടെ തുടർഭരണം ഉറപ്പാക്കിയതിന് പിന്നാലെയാണ് മുനിസിപ്പാലിറ്റി കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ജയ് ശ്രീറാം എന്ന് രേഖപ്പെടുത്തിയ ബാനർ തൂക്കിയത്. നിമിഷങ്ങൾക്കകം ബാനൽ മാറ്റിയെങ്കിലും സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. പിറ്റേന്ന് അതേസ്ഥലത്ത് ദേശീയപതാക വിരിച്ച് ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.