നെന്മാറ: നെല്ലിയാമ്പതിയിലും സീതാർകുണ്ടിലും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് പകരം വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകം. നേരത്തെ ആളുകളെ പ്രവേശിപ്പിച്ചിരുന്ന മാൻപാറയിലേക്ക് സുരക്ഷയും സാങ്കേതികത്വവും പറഞ്ഞ് ഇപ്പോൾ പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ സീതാർകുണ്ടും അന്യമാവുമോയെന്ന് സഞ്ചാരികൾ ആശങ്കപ്പെടുന്നു.
കഴിഞ്ഞദിവസം കൊക്കയിലേക്ക് വീണ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വകുപ്പുകൾ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
അത്യാഹിതങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ചങ്ങലയോ കൈവരികളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ച് ആളുകളുടെ സുരക്ഷ വർദ്ധിപ്പിക്കണം. ഒപ്പം ഗാർഡുകളുടെ സേവനവും ഉറപ്പാക്കണം. പകരം, സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുന്നത് ടൂറിസം മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ടൂറിസം അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പ്രദേശവാസികൾ പറയുന്നു.
മാൻപാറ അടച്ചിട്ട് ആറ് ആണ്ടുകൾ
കൂടുതൽ വിനോദസഞ്ചാരികൾ സഫാരി യാത്രയ്ക്കായി പോയിരുന്ന മാൻപാറ വനംവകുപ്പ് അടച്ചിട്ടിട്ട് ആറുവർഷത്തിലേറെയായി. ഇപ്പോൾ കാരാശ്ശേരി ആനമട ഭാഗത്തേക്ക് മാത്രമാണ് സഫാരി അനുവദിക്കുന്നത്. അതും ഒരാൾക്ക് 50 രൂപയും വാഹനത്തിന് നൂറ് രൂപയും ഫീസ് നൽകണം. വാഹന ഉടമകൾ ഒരു ട്രിപ്പിന് 1500 രൂപയാണ് ഈടാക്കുന്നത്.
ഒരു സുരക്ഷയുമില്ലാതെ കേശവൻപാറ
വനം വകുപ്പ് നേരിട്ട് സഞ്ചാരികളെ കടത്തിവിടുന്ന കേശവൻ പാറയിൽ നാളിതുവരെയായി യാതൊരു സുരക്ഷാ സംവിധാനവും സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടില്ല. കേശവൻ പാറയിൽ നിന്ന് പോത്തുണ്ടി മുതൽ കുതിരാൻമല വരെയുള്ള വിദൂര ദൃശ്യം കാണാൻ കഴിയുന്ന സ്ഥലത്ത് കൈവരികൾ ഇല്ലെന്നത് വലിയ അപകടഭീഷണയുയർത്തുന്നുണ്ട്. ഏറെക്കാലമായി ഒരുവശം തൂങ്ങി അപകടാവസ്ഥയിലായ കാരപ്പാറ തൂക്കുപാലത്തിലൂടെ ഇപ്പോഴും ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് യാത്രചെയ്യുന്നത്. ഇതൊന്നും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്.
അതിരപ്പിള്ളി വാഴച്ചാൽപോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വനംവകുപ്പ് ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പറമ്പിക്കുളം പോലുള്ള പ്രദേശങ്ങളിൽ വനംവകുപ്പിന്റെ വാഹനങ്ങളിൽ തന്നെയാണ് സഫാരി നടത്തുന്നത്. ഇത്തരം സുരക്ഷാ സംവിധാനം നടപ്പാക്കാതെ നെല്ലിയാമ്പതിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത് പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾക്ക് മങ്ങലേൽക്കാൻ കാരണമാകും.