
പാലക്കാട്: കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനായി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കുവേണ്ടി സംഘടിപ്പിച്ച പരിശീലനം സമാപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്കുള്ള ഓൺലൈൻ പരിശീലനത്തിന് ജില്ലാ ട്രെയിനിംഗ് നോഡൽ ഓഫീസർ ടി.കെ.ജയന്തി, അസി ട്രെയിനിംഗ് ഓഫീസർ ഡോ. ആനന്ദ്, ഡബ്ല്യു.എച്ച്.ഒ സർവെയ്ലൻസ് മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് രാജഗോപാൽ, സംസ്ഥാന കോൾഡ് ചെയിൻ ഓഫീസർ ജയൻ എന്നിവർ നേതൃത്വം നൽകി.
ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, താലൂക്കാശുപത്രി സൂപ്രണ്ടുമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാക്സിൽ വിതരണ കേന്ദ്രങ്ങളുടെ സജ്ജീകരണം, വാക്സിൽ നൽകുന്ന രീതി, സർക്കാറിന്റെ കൊവിഡിന്റെ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയിലാണ് ക്ലാസ്സെടുത്തത്. ജില്ലയിൽ വാക്സിൻ അടുത്തമാസത്തോടെ വിതരണത്തിനെത്തുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കങ്ങളും തകൃതിയിൽ നടന്നുവരുകയാണ്.
ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൽ നൽകുക. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ജീവനക്കാർ, ആശവാർക്കർമാർ തുടങ്ങി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് വാക്സിൽ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഓരോ ജീവനക്കാരുടെയും വിവരങ്ങൾ അതാത് സ്ഥാപനങ്ങൾ ശേഖരിച്ച് കഴിഞ്ഞു. 
സർക്കാറിന്റെ കൊവിഡ് എന്ന സോഫ്റ്റ് വെയർമുഖേനയാണ് പേരുവിവരങ്ങൾ ശേഖരിച്ചത്. വാക്സിൽ എടുക്കേണ്ട സ്ഥലവും തീയതിയും എസ്.എം.എസ് വഴി അറിയിക്കും. രണ്ട് ഡോസ് വാക്സിൽ ഓരോരുത്തരും കുത്തിവെക്കും. ജില്ലാശുപത്രിയോട് വാക്സിൽ സൂക്ഷിക്കുന്നതിനുള്ള ശീതികരണമുറി സജ്ജീകരിച്ചിട്ടുണ്ട്. 
ഈമാസം മുപ്പതിന് ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ചേർന്ന് വാക്സിൽ നൽകുന്നതിനെ സംബന്ധിച്ച് അന്തിമരൂപം നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
 ജില്ലയിൽ ഇതുവരെ 20708 പേരുടെ വിവരങ്ങൾ ശേഖരിച്ചു
 വിവരങ്ങൾ രേഖപ്പെടുത്താൻ കോവിൻ ആപ്പ് വികസിപ്പിച്ചു
 കുത്തിവെപ്പിന്റെ രീതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉടൻ ലഭ്യമാകും