
പാലക്കാട്: ജാതിയതയുടെ ദുരഭിമാനമാണ് 19 വയസുകാരിയുടെ താലിയറുത്തത്. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും അടിക്കടി റിപ്പോർട്ട് ചെയ്തിരുന്ന ദുരഭിമാന കൊലകൾ കേരളത്തിലും ആവർത്തിക്കുകയാണ്.
സ്കൂൾ കാലം മുതൽ ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അനീഷിനെ ഹരിത വിവാഹം കഴിച്ചത്. പെയിന്റ് പണിക്കാരനായ അനീഷ് താഴ്ന്ന ജാതിക്കാരനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നയാളുമാണ്. പെൺകുട്ടിയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു.
വീട്ടുകാർ മറ്രൊരു വിവാഹം ആലോചിക്കുകയും വാക്കാൽ നിശ്ചയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പെൺകുട്ടി അനീഷിനൊപ്പം ഇറങ്ങിവന്ന് സെപ്തംബർ 27ന് രജിസ്റ്റർ വിവാഹം ചെയ്തത്.
കൺമുന്നിൽ മകൾ താഴ്ന്ന ജാതിക്കാരനുമൊന്നിച്ച് ജീവിക്കുന്നത് വീട്ടുകാരെ അസ്വസ്ഥരാക്കിയിരുന്നു.
വിവാഹശേഷം പലതവണ പെൺകുട്ടിയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും അനീഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. 90 ദിവസം പോലും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് കൊലവിളിയും നടത്തിയിരുന്നു. വിവാഹം കഴിഞ്ഞ് 88-ാം നാൾ അതു സംഭവിച്ചു.
മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കാനും അച്ഛനും അമ്മാവനും ഹരിതയെ നിർബന്ധിച്ചിരുന്നു. മറ്റൊരു സ്ഥലത്ത് വാടക വീട് എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഹരിത വഴങ്ങിയിരുന്നില്ല. വീട്ടുകാരുടെ ഭീഷണി ഭയന്ന് ഹരിതയും അനീഷും പുറത്തിറങ്ങാൻ തന്നെ ഭയപ്പെട്ടിരുന്നതായി സുഹൃത്തുകൾ പറയുന്നു.
 കെ.ഡി.പ്രസേനൻ എം.എൽ.എ
തേങ്കുറുശിയിൽ സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്. ദുരഭിമാനക്കൊലകൾ നാടിന് അപമാനം. അനീഷിന്റെ കുടുംബം നൽകിയ പരാതി അന്വേഷിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണം. ഇക്കാര്യത്തിൽ പൊലീസിനെ ന്യായീകരിക്കാൻ കഴിയില്ല.
 ഷാഫി പറമ്പിൽ എം.എൽ.എ
ദുരഭിമാനക്കൊല, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. വീഴ്ച വരുത്തിയ പൊലീസ് തന്നെ കേസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല. ആദ്യഘട്ടത്തിൽ ലഭിച്ച പരാതിയിൽ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രതികൾ വീണ്ടും ഭീഷണിയുമായിവരില്ലായിരുന്നു. കൊലപാതകത്തിന് പ്രതികൾ മുതിരില്ലായിരുന്നു.