aneesh-body

പാലക്കാട്: മനസ്സാക്ഷിയെ ഞെട്ടിച്ച കോട്ടയം കെവിൻ കൊലക്കേസ് മാതൃകയിൽ കേരളത്തിൽ വീണ്ടും ദുരഭിമാനക്കൊല.​ ഉയർന്ന ജാതിയിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേർന്ന് കുത്തിയും മർദ്ദിച്ചും കൊലപ്പെടുത്തി. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകൻ അനീഷ് (അപ്പു - 27)ആണ് ക്രിസ്മസ് ദിനത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാർ,​ അമ്മാവൻ സുരേഷ് എന്നിവരെ കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ സെപ്തംബർ 27നാണ് അനീഷും ഹരിത​യും(19) വിവാഹിതരായത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹരിതയുടെ വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

പിള്ള സമുദായത്തിൽപ്പെട്ടതാണ് ഹരിത. കൊല്ലൻ സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടർന്നുണ്ടായ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

വിവാഹ ശേഷം പലതവണ അമ്മാവൻ സുരേഷ് അനീഷിന്റെ വീട്ടിലെത്തി കൊലവിളി നടത്തിയെന്ന് ഹരിത പറഞ്ഞു. പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.

വെള്ളിയാഴ്ച അനീഷിന്റെ കുടുംബത്തിൽ ധനു പത്തിനോ‌നുബന്ധിച്ച് പൂജ നടന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് അഞ്ചേമൂക്കാലോടെ അനീഷും സഹോദരൻ അരുണും ബൈക്കിൽ മനാംകുളമ്പിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. ബൈക്കു നിറുത്തി അരുൺ സ്കൂളിന് സമീപത്തെ കടയിൽ സോഡ കുടിക്കാൻ പോയപ്പോൾ അവിടെ നിന്നിരുന്ന പ്രതികൾ അനീഷുമായി വാക്കേറ്റൽ ഏർപ്പെട്ടതും ആക്രമിച്ചതും.

കൈയിൽ കരുതിയ കത്തിയും വാഹനത്തിന്റെ ലിവറും ഉപയോഗിച്ച് അനീഷിനെ വകവരുത്തുകയായിരുന്നു. പ്രഭുകുമാർ അനീഷിന്റെ തുടകളിൽ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു. സുരേഷ് ലിവറുപയോഗിച്ച് മർദ്ദിക്കുയും കഴുത്ത് ഞെരുക്കുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ഈ സമയം തടയാൻ ശ്രമിച്ച അരുണിനെയും ആക്രമിച്ചതോടെ ഓടിരക്ഷപ്പെട്ടു. നിലവിളികേട്ട് വന്ന നാട്ടുകാർ അനീഷിനെ ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഒളിവിൽപോയ പ്രതികളിൽ സുരേഷിനെ വെള്ളിയാഴ്ച രാത്രിയോടെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രഭുകുമാർ ബുള്ളറ്റിൽ കൊഴിഞ്ഞാമ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. മൊബൈൽ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂർ ഗാന്ധിനഗർ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു. പൊലീസ് അന്വേഷിച്ചെത്തുമെന്ന് മനസിലാക്കി ഇന്നലെ പുലർച്ചെ അവിടെ നിന്ന് ബസ് മാർഗം മറ്റൊരിടത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പിടിയിലായത്. ഇയാളെ രാവിലെ പാലക്കാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. അനീഷിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്കരിച്ചു. എട്ടു മക്കളിൽ നാലാമനാണ് അനീഷ്. അമ്മ: രാധ. ഹരിതയ്ക്ക് ഒരു അനുജത്തിയുണ്ട്.