pk-sasi

പാലക്കാട്: പി.കെ.ശശി എം.എൽ.എയെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ. ഇന്നലെ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെയും മന്ത്രി എ.കെ.ബാലന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന പ്രത്യേക ജില്ലാ കമ്മിറ്റിയോഗത്തിലായിരുന്നു തീരുമാനം. ഇക്കാര്യം സംസ്ഥാന സമിതിയെ അറിയിക്കും.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് 2018 നവംബർ 26നാണ് പി.കെ.ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തത്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. പീഡന പരാതി അന്വേഷിക്കാൻ പാർട്ടി മന്ത്രി എ.കെ.ബാലനെയും മുൻ എം.പി പി.കെ.ശ്രീമതിയെയും കമ്മിഷനായി നിയോഗിച്ചിരുന്നു. കമ്മിഷന്റെ ശുപാർശ പ്രകാരമായിരുന്നു അച്ചടക്ക നടപടി.സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ 2019 മേയ് മാസത്തിൽ പാർട്ടി അംഗത്വം പുനഃസ്ഥാപിച്ച് ജില്ലാ കമ്മിറ്റിയിലെ 14 പേരുടെ വിയോജിപ്പോടെ ഡി.സിയിലേക്ക് തിരിച്ചെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നപ്പോഴായിരുന്നു നടപടിയുണ്ടായത്.