
പാലക്കാട്: തേങ്കുറുശിയിൽ പെൺകുട്ടി വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നുണ്ടായ
ദുരഭിമാനകൊലയിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് കൊല്ലാനുപയോഗിച്ച ആയുധങ്ങൾ അടക്കം കണ്ടെടുത്തു. കൃത്യം നടക്കുമ്പോൾ പ്രതികളായ ഇലമന്ദം ചെറുതുപ്പല്ലൂർ സ്വദേശി പ്രഭുകുമാർ (47), സുരേഷ് (45) എന്നിവർ ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ച ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തേങ്കുറിശി ഇലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇന്നലെ പകൽ 10.15ന് ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കൊലപാതകം നടന്ന മാനാംകുളമ്പിലെത്തിച്ചു. എങ്ങനെ കൊലപ്പെടുത്തിയെന്ന് പ്രതികൾ വിവരിച്ചു. തുടർന്ന് ഒന്നാംപ്രതി സുരേഷിന്റെ ചെറുതുപ്പല്ലൂരിലെ വീട്ടിലെത്തിച്ച് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും സുരേഷ് സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. മുണ്ടും ഷർട്ടും ചെരുപ്പും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. പിന്നീട് രണ്ടാംപ്രതി പ്രഭുകുമാറിന്റെ വീട്ടിൽ തെളിവെടുത്തു. അനീഷിനെ മർദ്ദിക്കാനുപയോഗിച്ച കമ്പിയും പ്രതിയുടെ വസ്ത്രങ്ങളും കാർഷെഡിൽ നിന്ന് കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിച്ച ഒരു കമ്പി കനാലിൽ വലിച്ചെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കിണാശേരിയിലേക്ക് പോകുന്ന വഴിയിലെ മലമ്പുഴ കനാലിൽ പരിശോധിച്ചു. വൈകിട്ട് നാലരയോടെ ആയുധം കണ്ടെടുത്തു. പ്രതികൾ രണ്ട് ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയത്. പ്രഭുകുമാറിന്റെ ബുള്ളറ്റ് കൊടുവായൂരിലെ ബന്ധുവീട്ടിന് സമീപമുള്ള കടയോട് ചേർന്ന് കണ്ടെത്തി. സുരേഷിന്റെ ബൈക്ക് വീടിന് സമീപത്തുണ്ടായിരുന്നു. രണ്ട് വാഹനത്തിലും ചോരക്കറയുണ്ട്.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി അനീഷിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇതറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു. കേസ് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. തെളിവെടുപ്പിന് എത്തിയ സംഘത്തിൽ വിരലടയാള വിദഗ്ധരും ഫോറൻസിക് ആൻഡ് സയന്റിഫിക് അസിസ്റ്റന്റും ഉണ്ടായിരുന്നു. കുഴൽമന്ദം സി.ഐ ഇ.പി.രാമദാസ്, എസ്.ഐ എ.അനൂപ്, എ.എസ്.ഐമാരായ എം.താജുദ്ദീൻ, കെ.വി.സുരേന്ദ്രൻ എന്നിവരും എത്തിയിരുന്നു.
അനീഷിന്റെ ദുരഭിമാനക്കൊല: അന്വേഷണം ക്രൈംബ്രാഞ്ചിന്
പാലക്കാട്: അന്യ ജാതിയിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഇന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
ഇലമന്ദം സ്വദേശി അനീഷ് (27) ആണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ (43), അമ്മാവൻ സുരേഷ് (45) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊലപാതകം നടന്ന് മണിക്കൂറിനകം പ്രതികളെ പിടികൂടിയ ലോക്കൽ പൊലീസിന് കേസിനെ ബലപ്പെടുത്തുന്ന തെളിവുകൾ ശേഖരിക്കാനും കഴിഞ്ഞു. വിശദമായ അന്വേഷണത്തിലേക്ക് കടക്കാനായിട്ടില്ല. ഈ ഘട്ടത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
കൊലപാതകം ആസൂത്രിതമാണെന്നും പെൺകുട്ടിയുടെ മുത്തച്ഛൻ ഉൾപ്പെടെയുള്ളവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്നും അനീഷിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഹരിതയുടെ താലിക്ക് 90 ദിവസത്തിന്റെ ആയുസേ ഉണ്ടാവൂ എന്ന് അമ്മാവനും വീട്ടുകാരും ഭീഷണി മുഴക്കിയിരുന്നു. ആ കൊലവിളി കൃത്യമായ ആസൂത്രണത്തിലൂടെ പ്രതികൾ നടപ്പാക്കിയതാണോ, ഗൂഢാലോചന നടന്നിട്ടുണ്ടോ, അപ്രതീക്ഷിതമായി ഉണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചതാണോ,
പൊതുസ്ഥലത്തു വെച്ചുണ്ടായ ആക്രമണത്തിന്റെ പ്രകോപനം, പ്രതികൾ മാരകായുധങ്ങൾ കൈയിൽ കരുതി എത്തിയ സാഹചര്യം എന്നിവയിലൊക്കെ ഇനിയും വ്യക്തതവരാനുണ്ട്.
ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. സംഭവ ദിവസം വൈകിട്ട് അനീഷുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയെന്നാ സൂചന. വിവാഹ ശേഷം ഹരിതയുടെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ടും ഇരുകുടുംബങ്ങൾ തമ്മിൽ തർക്കം ഉണ്ടായെന്നും പറയുന്നുണ്ട്.