 
 നെല്ലായ മുതൽ വല്ലപ്പുഴവരെ റബ്ബറൈസിംഗ് തുടങ്ങി
ചെർപ്പുളശ്ശേരി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചെർപ്പുളശേരി - വല്ലപ്പുഴ റോഡ് പൂർണമായും ഗതാഗത യോഗ്യമാകുന്നു. ചെർപ്പുളശ്ശേരി മുതൽ നെല്ലായ സിറ്റിവരെ കഴിഞ്ഞ വേനലിൽ ടാർ ചെയ്തിരുന്നെങ്കിലും ശേഷമുള്ള ഭാഗത്തെ പ്രവർത്തികൾ അനന്തമായി നീണ്ടുപോകുകയായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും ദുരിതപൂർണമായിരുന്നു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തുടർന്ന് പി.കെ.ശശി എം.എൽ.എ ഇടപെട്ടാണ് അടിയന്തരമായി റോഡ് നവീകരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ആറരക്കോടി രൂപയും അദ്ദേഹം അനുവദിച്ചിരുന്നു. ഈ വർഷം ആദ്യം തന്നെ നർമ്മാണം ആരംഭിച്ചെങ്കിലും പിന്നാലെയെത്തിയ കൊവിഡ് പ്രതീക്ഷകളെല്ലാം തെറ്റിച്ചു. നിർമ്മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ക്ഷാമം ജോലികൾ അനന്തമായി നീളാൻ കാരണമായി. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ പ്രവർത്തികൾ പുനരാരംഭിച്ചത് വലിയ ആശ്വാസമായിരുന്നു.
നിലവിൽ അഞ്ച് കലുങ്കുകളുടെ നിർമ്മാണം ഉൾപ്പടെ പൂർത്തിയായിട്ടുണ്ട്. പഴയ റോഡ് ഏകദേശം മുക്കാൽ ഭാഗവും പൊളിച്ചുനീക്കിയാണ് റബറൈസിംഗ് നടത്തുന്നത്. ജനുവരി ആദ്യംതന്നെ റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഗതാഗതം പൂർണമായും നിരോധിക്കാതെ നിയന്ത്രിച്ചു കൊണ്ടാണ് റബ്ബറൈസിംഗ് നടക്കുന്നത്. റേഡിന്റെ പട്ടാമ്പി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗവും റബ്ബറൈസ് ചെയ്തതാണ്. ഇതോടെ പട്ടാമ്പി മുതൽ ചെർപ്പുളശ്ശേരി വരെ ഇനി യാത്ര സുഗമമാകും.