 
തച്ചനാട്ടുകര: തന്റെ ശാരീരിക വൈകല്യങ്ങളെ കുറിച്ച് പരിഹസിച്ചവർക്കുള്ള രാഷ്ട്രീയ മറുപടിയാണ് സലീം മാഷിന് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. കുറവുകളെയോർത്ത് തളർന്നിരിക്കാനല്ല അതിനെ നിശ്ചയദാർഢ്യത്തോടെ നേരിടാനാണ് സലീംമാഷിന്റെ തീരുമാനം, അതിന് പൂർണപിന്തുണയുമായി യു.ഡി.എഫ് നേതൃത്വവും ഒപ്പമുണ്ടെന്ന് നേതാക്കൾ പറയുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് സലീമിന്റെ വികലാംഗത്വം ചൂണ്ടിക്കാണിച്ചാണ് എതിർപാർട്ടിക്കാർ പ്രചരണം നടത്തിയത്. 'ഒരു അതിർത്തി തർക്കം വന്നാൽ അവിടെ വന്ന് ഇടപെടാൻ സാധിക്കുമോ, ഒരു കല്യാണത്തിന് പന്തൽ വലിച്ചുകെട്ടാൻ അദ്ദേഹത്തിന് കഴിയുമോ എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ ഏറെയുണ്ടായെങ്കിലും വോട്ടർമാർ സലീമിനെ കൈവിട്ടില്ല. ഒരുവോട്ടിന് കഴിഞ്ഞതവണ നഷ്ടമായ വാർഡ് 305 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ സലീമിന് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സീനിയർ വൈസ് പ്രസിഡന്റാണ് സലീം മാസ്റ്റർ.