 
തൃത്താല: മക്കളില്ലാത്ത, ആരോഗ്യസ്ഥിതി മോശമായ ദമ്പതികൾക്ക് നാട്ടുകാരുടെ കാരുണ്യത്തിൽ സ്വപ്ന ഭവനമൊരുങ്ങുന്നു. പെരുമണ്ണൂർ എരളാത്ത് വളപ്പിൽ കുമാരനും ഭാര്യകല്ലുവിനുമാണ് നാട്ടുകാർ ധനസമാഹരണം നടത്തി പുതിയ വീട് വെച്ച് നൽകുന്നത്.
കുമാരനും ഭാര്യയും അധ്വാനിച്ച് ജീവിക്കുന്നതിനിടെയാണ് വിധി വില്ലനായെത്തിയത്. കല്ലുവിന് നട്ടെല്ലിന് രോഗംപിടിപ്പെട്ടു. ചികിത്സക്കും ശസ്ത്രക്രിയക്കും ലക്ഷങ്ങൾ ചെലവായി. ആകെയുള്ള സമ്പാദ്യം ഏഴുസെന്റും ചികിത്സയ്ക്കായി വിറ്റു. വാടകവീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും കുമാരൻ കല്ലുവിനെ ചികിത്സിച്ചെങ്കിലും 56കാരിയായ കല്ലുവിന്റെ ജീവിതം ചക്രക്കസേരയിൽ ഒതുങ്ങുകയായിരുന്നു. തോളെല്ലിന് പരുക്കേറ്റതോടെ 68കാരനായ കുമാരനും പണിക്കുപോവാൻ പറ്റാതായി. വരുമാനമില്ലാതായതോടെ വാടകകൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി. വാടകവീട് ഒഴിഞ്ഞ് എവിടേക്ക് പോവുമെന്നറിയാതിരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ മനസിന്റെ നന്മകൊണ്ട് ഇവരുടെ കണ്ണീർ തുടച്ചത്.
പ്രദേശവാസിയായ മാനങ്കണ്ടത്ത് ശംസു ഇവർക്കായി പെരുമണ്ണൂരിൽ അഞ്ചുസെന്റ് സ്ഥലം നൽകി. ജൂണിലാണ് വീടുനിർമാണം തുടങ്ങിയത്. പ്രദേശവാസികളായ മോഹനൻ കടവാരത്ത്, വിനോദ് വട്ടേക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടുപണിയുടെ ഏകോപനം. സാധാരണ ദിവസക്കൂലിക്ക് പോയിരുന്നനാട്ടിലെ യുവാക്കൾ കൂലിയില്ലാതെത്തന്നെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. പണം നേരിട്ടുവാങ്ങാതെ വ്യക്തികളിൽ നിന്ന് നിർമാണസാമഗ്രികൾ സംഭാവനയായി സ്വീകരിച്ചാണ് വാർപ്പുവരെ തീർത്തത്. 450 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമിച്ചത്. ഒരു മുറിയും അടുക്കളയും ഹാളും പൂമുഖവും ഉൾക്കൊള്ളുന്നതാണ് വീട്. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽദാനം നടക്കും.