പാലക്കാട്: നിരവധി ദുരന്തങ്ങളെ അതിജീവിച്ച് ഈ സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലും പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും പൂർത്തിയാക്കാൻ സാധിച്ചെന്നും, ബാക്കി 30 എണ്ണം കൂടി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള പര്യടനത്തിന്റെ ഭാഗമായി പാലക്കാട് ടോപ് ഇൻ ടൗൺ ശീതൾ ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളിലൂടെ സമൂഹത്തിലെ എല്ലാ മേഖലയിലും വികസനമെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഹരിതകേരള മിഷനിലൂടെ ഉറവിട മാലിന്യ സംസ്‌കരണ മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചു. ജല സ്രോതസുകൾ വീണ്ടെടുക്കാനും സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 7 ലക്ഷം ടണ്ണിൽ നിന്ന് 15 ലക്ഷം ടണ്ണായി വർധിപ്പിക്കാനും മിഷൻ സഹായകമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞ്‌പോക്ക് തടയാനും ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും സാധിച്ചു. .

ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ അടക്കമുള്ള മികച്ച സേവനങ്ങൾ ഉറപ്പാക്കി. ഇതിലൂടെ കോവിഡ് മഹാമാരിയെ അതിജീവിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. കൂടുതൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് എം.എസ്.എം.ഇകളും സ്റ്റാർട്ടപ്പുകളും ഉയർന്നു വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.