
പാലക്കാട്: ജില്ലയിലെ നഗരസഭ അദ്ധ്യക്ഷസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ചിടത്തും എൽ.ഡി.എഫിന് വിജയം. എൽ.ഡി.എഫ് ഭരണംപിടിച്ച നഗരസഭകളിലെല്ലാം സി.പി.എമ്മിനാണ് അദ്ധ്യക്ഷസ്ഥാനം. പാലക്കാട് ബി.ജെ.പിയും മണ്ണാർക്കാട് യു.ഡി.എഫും ഭരിക്കും. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശേരി, ചിറ്റൂർ - തത്തമംഗലം നഗരസഭകളാണ് ഇടതുപക്ഷത്തിനൊപ്പം നിന്നത്.
ജില്ലയിലെ ഏഴ് നഗരസഭകളിൽ നാലിടത്തും അദ്ധ്യക്ഷസ്ഥാനം വനിതാ സംവരണമാണ് എന്നതും ശ്രദ്ധേയമാണ്.
 പാലക്കാട് കെ.പ്രിയ
28 സീറ്റുകൾ നേടി ബി.ജെ.പി തുടർഭരണം ഉറപ്പാക്കിയ പാലക്കാട് നഗരസഭാ അദ്ധ്യക്ഷയായി കെ.പ്രിയ തിരഞ്ഞെടുക്കപ്പെട്ടു. 50 പേരിൽ 27 പേരുടെ പിന്തുണയോടെയാണ് ബി.ജെ.പിയുടെ കെ.പ്രിയ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്. ബി.ജെ.പിയുടെ മുതിർന്ന അംഗം നടേശന്റെ വോട്ട് അസാധുവായതാണ് ബി.ജെ.പിക്ക് ഒരുവോട്ട് കുറയാൻ കാരണം. യു.ഡി.എഫിന്റെ വി.ജ്യോതിമണി, എൽ.ഡി.എഫിന്റെ എം.വി.ഉഷ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ജ്യോതിമണിക്ക് ഒരു യു.ഡി.എഫ് വിമതന്റെയും വെൽഫെയർപാർട്ടിയുടെയും പിന്തുണയോടെ 16 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫിലെ എം.വി.ഉഷയ്ക്ക് എഴുവോട്ടുകളും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എഫ്.ബി.ബഷീർ വോട്ട് ചെയ്തില്ല.
അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പി തങ്ങളുടെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ 9ന് നടന്ന പാർലിമെന്ററി പാർട്ടി യോഗത്തിലാണ് കെ.പ്രിയയെ തിരഞ്ഞെടുത്തത്. വൈസ് ചെയർമാനായി കൃഷ്ണദാസിനെയും തീരുമാനിച്ചു. പാർട്ടിക്കുള്ളിലെ തർക്കമാണ് തീരുമാനം വൈകാൻ കാരണം. ശ്രീറാം പാളയത്തു നിന്ന് വിജയിച്ച ടി.ബേബിയെ ചെയർപേഴ്സൺ ആക്കണെന്നാണ് കൗൺസിലർമാരിൽ കൂടുതലാളുകളും ആവശ്യപ്പെട്ടത്. വൈസ് ചെയർമാനായി സ്മിതേഷിന്റെ പേരും ഉയർന്നുവന്നു. പക്ഷേ, ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കകാരണം നേതൃത്വത്തിന് ഒരു തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്നലെ രാവിലെ യോഗം ചേർന്ന് കെ.പ്രിയയെയും ഇ.കൃഷ്ണദാസിനെയും തിരഞ്ഞെടുത്തത്.
 ചിറ്റൂരിൽ കെ.എൽ.കവിത
ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷം ഭരണം പിടിച്ചെടുത്ത ചിറ്റൂർ - തത്തമംഗലം നഗരസഭയുടെ അദ്ധ്യക്ഷയായി കെ.എൽ.കവിതയയെും വൈസ് ചെയർമാനായി എം.ശിവകുമാറിനെയും തിരഞ്ഞെടുത്തു. വരണാധികാരി പി.കൃഷ്ണന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പതിമൂന്നാം വാർഡ് കൗൺസിലർ അനിത കുട്ടപ്പനെ 12 നെതിരെ 17 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.എൽ.കവിത അദ്ധ്യക്ഷയായത്. തുടർന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. 29 അംഗങ്ങളുള്ള നഗരസഭയിൽ ഇടതുപക്ഷത്തിന് 16, യു.ഡി.എഫിന് 12, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ് കക്ഷിനില.
ഉച്ചയ്ക്ക് രണ്ടിന് നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എം.ശിവകുമാറിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ കെ.സി.പ്രീത് മത്സരിച്ചെങ്കിലും 12നെതിരെ 16 വോട്ടുകൾക്കാണ് എം.ശിവകുമാറിനെ തിരഞ്ഞെടുത്തത്. എസ്.ഡി.പി.ഐ അംഗം വിട്ടുനിന്നു.
 ഒറ്റപ്പാലത്ത് ജാനകിദേവി
എൽ.ഡി.എഫ് തുടർഭരണം ഉറപ്പാക്കിയ ഒറ്റപ്പാലത്ത് പുതിയ ചെയർപേഴ്സണായി സി.പി.എമ്മിലെ ജാനകീദേവിയും വൈസ് ചെയർമാനായി കെ.രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. 36 അംഗ കൗൺസിലിൽ 16 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 11, എൻ.ഡി.എയ്ക്ക് ഒമ്പത് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് - ബി.ജെ.പി നേതൃത്വങ്ങൾ പ്രാദേശിക നീക്കുപോക്കുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാൽ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ഇടതുപക്ഷം നഗരസഭ ഭരിക്കാൻ തയ്യാറെടുക്കുന്നത്.
 ചെർപ്പുളശേരിയിൽ പി.രാമചന്ദ്രൻ
സി.പി.എംലെ പി.രാമചന്ദ്രൻ എന്ന പങ്ങത്ത് രാമചന്ദ്രനെ ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാനായി തിരഞ്ഞെടുത്തു. 33 അംഗ കൗൺസിൽ 18 വോട്ടുകൾ നേടിയാണ് പി.രാമചന്ദ്രൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.
യു.ഡി.എഫിൽ നിന്നും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കെ.എം.ഇസഹാഖിന് 13 വോട്ടുകളാണ് ലഭിച്ചത്. വെൽഫെയർ പാർട്ടി അംഗം അബ്ദുൾ ഗഫൂർ യു.ഡി.എഫി നെ പിന്തുണച്ചു. ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. പി.രാമചന്ദ്രൻ തുടർന്ന് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.
ഉച്ചയ്ക്കു ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സഫ്ന പാറക്കൽ വിജയിച്ചു. 18 വോട്ടുകൾ സഫ്നക്ക് ലഭിച്ചപ്പോൾ യു.ഡി.എഫിന്റെ വി.പി.സുഹ്രാബിക്ക് 13 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. വൈസ് ചെയർപേഴ്സൺ സ്ഥാനം ആദ്യ രണ്ടര വർഷം സി.പി.എമ്മും തുടർന്ന് സി.പി.ഐക്കും നൽകാനാണ് മുന്നണി ധാരണ.
 മണ്ണാർക്കാട് ഫായിദ ബഷീർ
യു.ഡി.എഫ് അധികാരത്തിലെത്തിയ ജില്ലയിലെ ഏക നഗരസഭയായ മണ്ണാർക്കാട് ഫായിദ ബഷീർ ചെയർമാനായി സ്ഥാനമേറ്റു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങളും സ്വതന്ത്ര അംഗവും വിട്ടുനിന്നു.
ബാക്കി 25 അംഗങ്ങളിൽ 11 നെതിരെ 14 വോട്ടുകൾ നേടിയാണ് മുസ്ലീംലീഗിലെ ഫായിദ ബഷീർ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.ആർ.സെബാസ്റ്റ്യനാണ് മത്സരിച്ചത്. ഉച്ചയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.പ്രസീദയെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു.
 പട്ടാമ്പിയിൽ ഒ.ലക്ഷ്മികുട്ടി
പട്ടാമ്പി നഗരസഭ ഇനി വി.ഫോർ പട്ടാമ്പിയുടെ പിന്തുണയോടെ ഇടതുപക്ഷം ഭരിക്കും. എൽ.ഡി.എഫിലെ ഒ.ലക്ഷമികുട്ടിയെ നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. 28 ഡിവിഷനുകളുള്ള നഗരസഭയിൽ യു.ഡി.എഫിന് 11 സീറ്റും, എൽ.ഡി.എഫിന് 10 സീറ്റും വി.ഫോർ മുന്നണിക്ക് ആറ് സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റമാണ് ഉള്ളത്.
ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഒ.ലക്ഷമികുട്ടിയും യു.ഡി.എഫിലെ മുനീറയുമാണ് മത്സരിച്ചത്. 11നെതിരെ 16 വോട്ടുകൾക്ക് ലക്ഷമികുട്ടി വിജയിച്ചു. ബി.ജെ.പി അംഗം വോട്ടടുപ്പിൽ നിന്നും വിട്ടു നിന്നു. 16ഡിവിഷനിലെ കൊളോർക്കുന്നിൽ നിന്നുമാണ് ഒ.ലക്ഷമികുട്ടി നഗരസഭയിലേക്കെത്തിയത്.
വൈസ് ചെയർമാനായി വി.ഫോർ മുന്നണി നേതാവ് ടി.പി.ഷാജിയെ തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ടി.പി.ഷാജിയും യു.ഡി.എഫിലെ കെ.ആർ.നാരായണസ്വാമിയുമാണ് മത്സരിച്ചത്.11 വോട്ടുകൾക്ക് എതിരെ 16 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.പി.ഷാജി വൈസ് ചെയർമാനായത്.
ഷൊർണൂരിൽ ജയപ്രകാശ്
ഷൊർണൂർ നഗരസഭാ ചെയർമാനായി എംകെ.ജയപ്രകാശും വൈസ് ചെയർപേഴ്സനായി പി.സിന്ധുവും തിരഞ്ഞെടുക്കപ്പെട്ടു. 33 അംഗസഭയിൽ 17 വോട്ടുകൾ നേടിയാണ് സി.പി.എം നേതാക്കളായ ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിക്ക് 16 അംഗങ്ങളേ ഉള്ളൂ. എസ്.ഡി.പി.ഐയുടെ ഏക അംഗം പിന്തുണച്ചതോടെയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ സാധിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി നന്ദകുമാർ ഒമ്പതും കോൺഗ്രസിലെ കൃഷ്ണകുമാർ ഏഴും വോട്ട് നേടി. ബി.ജെ.പിയിലെ സിനു മനോജിനെ ഒമ്പതിനെതിരേ 17 വോട്ടുകൾ നേടിയാണ് വൈസ് ചെയർപേഴ്സനായി സിന്ധു തിരഞ്ഞെടുക്കപ്പെട്ടത്.