 
 മുതിർന്ന ബി.ജെ.പി അംഗത്തിന്റെ വോട്ട് അസാധുവായി
പാലക്കാട്: നഗരസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാടകീയത. മൂന്നാംവാർഡിൽ നിന്നുള്ള ബി.ജെ.പി അംഗം വി.നടേശൻ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ചെടുത്തത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. ബഹളത്തിനിടെ വോട്ട് രോഖപ്പെടുത്തിയ ബാലറ്റ് പേപ്പർ കാണാതാവുകയും ശേഷം ഫലപ്രഖ്യാപനത്തിന് ശേഷം കണ്ടെത്തുകയുമായിരുന്നു.
രാവിലെ 11 മണിക്കാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടപടികളാരംഭിച്ചത്. വരാണാധികാരി ശ്രീധരവാര്യരാണ് നിയന്ത്രിച്ചത്. ബി.ജെ.പിയുടെ കെ.പ്രിയ, യു.ഡി.എഫിന്റെ വി.ജ്യോതിമണി, എൽ.ഡി.എഫിന്റെ എം.വി.ഉഷ എന്നിവരാണ് മത്സരിച്ചത്. രഹസ്യവോട്ടെടുപ്പ് അല്ലാത്തതിനാൽ വോട്ട് ചെയ്യാൻ തുടക്കത്തിൽ പ്രത്യേക ക്രമീകരണങ്ങളോ ബാലറ്റ് നിക്ഷേപിക്കാൻ പെട്ടിയോ ഒരുക്കിയിരുന്നില്ല. ബി.ജെ.പി അംഗം എൻ. ശിവരാജൻ ഇത് ചൂണ്ടിക്കാട്ടിയെങ്കിലും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് വരണാധികാരിയുടെ കൈവശം നൽകിയാൽ മതിയെന്നായിരുന്നു നിർദേശം. ആദ്യ അംഗം വരണാധികാരിക്ക് സമീപം ചെന്നാണ് വോട്ട് ചെയ്തത്. പിന്നീട് മുൻവശത്തായി വോട്ട് ചെയ്യാൻ ഒരു മേശ ഒരുക്കി.
മൂന്നാമത് വോട്ട് ചെയ്യാനെത്തിയ വി.നടേശൻ ബാലറ്റുമായി മുൻനിരയിൽ ഇരുന്ന ബി.ജെ.പി.യുടെ ചെയർപേഴ്സൺ സ്ഥാനാർത്ഥിക്ക് മുന്നിൽവെച്ച് വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ ബഹളം വെച്ചു. ഇതേതുടർന്ന് നടേശൻ വോട്ട് ചെയ്യാനുള്ള മേശയിൽ പോയി വോട്ട് രേഖപ്പെടുത്തി ബാലറ്റ് കൗൺസിൽ അംഗങ്ങൾക്ക് ഉയർത്തി കാട്ടിയശേഷം വരണാധികാരിക്ക് കൈമാറി. അബദ്ധം തിരിച്ചറിഞ്ഞ് ഉടനടി വരണാധികാരിക്ക് മുന്നിൽ നിന്നും താൻ നൽകിയ ബാലറ്റ് തിരിച്ചെടുക്കുകയും ചെയ്തു. ഇതോടെ വലിയ ബഹളമായി.
ബാലറ്റിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്ന ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ഒന്നാമത്തെ സ്ഥാനാർത്ഥിക്കാണ് നടേശൻ വോട്ട് ചെയ്തതെന്ന് ബാലറ്റ് കണ്ട പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. നടേശന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തിറങ്ങി. വോട്ട് അസാധുവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തർക്കം മുറുകിയിട്ടും നടേശൻ തിരിച്ചെടുത്ത ബാലറ്റ് വരണാധികാരിക്ക് കൈമാറിയില്ല.
ബാലറ്റ് തിരികെ ഏൽപ്പിച്ചാലെ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകൂവെന്ന് വരണാധികാരിയും നിലപാടെടുത്തു. തിരിച്ചേൽപ്പിക്കാത്ത ബാലറ്റ് അസാധുവായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചാണ് പിന്നീട് വോട്ടെടുപ്പ് തുടർന്നത്. ആകെയുള്ള 52 കൗൺസിലർമാരിൽ 24ാം വാർഡിൽ നിന്നും യു.ഡി.എഫ് വിമതനായി വിജയിച്ച എഫ്.ബി. ബഷീർ വോട്ട് ചെയ്യാൻ വിസമ്മതം അറിയിച്ചു. നടേശന്റെ വോട്ട് അസാധുവായി കണക്കാക്കി. ബാക്കിയുള്ള 50 വോട്ടിൽ ബി.ജെ.പി.യുടെ പ്രിയക്ക് 27 വോട്ട് ലഭിച്ചു.