election

 എട്ടിടത്ത് അനിശ്ചിതത്വം

 സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി മുന്നണികൾ

പാലക്കാട്: നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റുമാരെ ഇന്നറിയാം. ആകെയുള്ള 88 പഞ്ചായത്തുകളിൽ എട്ടിടങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിൽ അഞ്ചിടങ്ങളിൽ നറുക്കെടുപ്പിലൂടെയാകും ഭരണസമിതിയെ തീരുമാനിക്കുക.

ആകെയുള്ള 88 ൽ 61 പഞ്ചായത്തുകളിലും ഇടതുമുന്നണി ഭരണം ഉറപ്പാക്കിയിട്ടുണ്ട്. യു.ഡി.എഫ് 19 ഇടത്തും ഭരണംപിടിക്കും.

ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളുണ്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ആനുകൂല്യമാണ് ചിലയിടങ്ങളിൽ ഇരുമുന്നണികൾക്കും പ്രതീക്ഷ പകരുന്നത്. ഭരണത്തിലെത്താൻ ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് ഇടതു- വലതു മുന്നണികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും ഇവരുടെ പിന്തുണതേടുന്ന സ്വതന്ത്രർക്കും വോട്ട് ചെയ്യേണ്ടെന്ന നിലപാടാണ് ബി.ജെ.പി.യുടേത്.

ചില പഞ്ചായത്തുകളിൽ എസ്.ഡി.പി.ഐ നിർണായകമാണ്. കഴിഞ്ഞദിവസം ഷൊർണൂർ നഗരസഭയിൽ നടന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗം ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. ഇത് പഞ്ചായത്തുകളിലും തുടരുമോ എന്നാണ് അറിയാനുള്ളത്. സ്വതന്ത്രരും വിമതരുമൊക്കെ നിർണായകമാവുന്ന പഞ്ചായത്തുകളിൽ മുന്നണികൾ ഇവരുടെയൊക്കെ പിന്തുണ ഇതിനകം തന്നെ ഉറപ്പാക്കിയതായാണ് വിവരം.

 അഞ്ചിടത്ത് നറുക്കെടുപ്പിന് സാദ്ധ്യത

കാവശ്ശേരി, കുഴൽമന്ദം, നെന്മാറ, കൊപ്പം, കപ്പൂർ പഞ്ചായത്തുകളിലാണ് ഇത്തവണ നറുക്കെടുപ്പിനുള്ള സാധ്യതയുള്ളത്. കാവശ്ശേരിയിലും കുഴൽമന്ദത്തും കൊപ്പത്തും ഇരുമുന്നണികൾക്കും എട്ടുവീതം സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്. നെന്മാറയിൽ എൽ.‌ഡി.എഫും യു.ഡി.എഫും 9സീറ്റുകൾ നേടിയാണ് തുല്യശക്തികളായത്. ഇവിടെ ബി.ജെ.പിക്ക് രണ്ടും സീറ്റുണ്ട്. കപ്പൂരിൽ മുന്നണികൾക്ക് 9 വീതം സീറ്റാണുള്ളത്.

 മലമ്പുഴ എൽ.ഡി.എഫ് നിലനിറുത്തിയേക്കും

മലമ്പുഴയിൽ എൽ.ഡി.എഫിന് ആറും ബി.ജെ.പിക്ക് അഞ്ചും യു.ഡി.എഫിന് രണ്ടുസീറ്റുമാണുള്ളത്. സി.പി.ഐ സ്വതന്ത്രയായി വിജയിച്ച അംഗത്തിന്റെ പിന്തുണയോടെ ഭരണം ഇടതുപക്ഷം തന്നെ നിലനിർത്താനാണ് സാദ്ധ്യത.

മങ്കരയിൽ ഇടത് - വലത് മുന്നണികൾക്ക് ആറുവീതം സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്. കൂടാതെ സി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സി.പി.എം അംഗത്തിന്റെ പിന്തുണയും ഇടതുപക്ഷത്തിന് ലഭിക്കും. പറളിയിൽ എട്ടുവീതം സീറ്റ് നേടി എൽ.ഡി.എഫും ബി.ജെ.പിയുമാണ് ഒപ്പത്തിനൊപ്പം. അവിടെ യു.ഡി.എഫിന് മൂന്നും ഒരു സ്വതന്ത്രനുമുണ്ട്. സ്വതന്ത്രൻ സി.പി.ഐ വിമതനായി ജയിച്ചതിനാൽ പിന്തുണ ഇടത്തേക്കാവാനാണ് സാധ്യത.


 സ്വതന്ത്രരുടെ നിലപാട് നിർണായകം

കരിമ്പുഴ, പുതുശ്ശേരി, മുതലമട പഞ്ചായത്തുകളിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. കരിമ്പുഴയിൽ യു.ഡി.എഫ് 9, എൽ.ഡി.എഫ് 8, ബി.ജെ.പി 1 എന്നതാണ് കക്ഷിനില. ഇവിടെ ലീഗ് സ്വതന്ത്രനെ പ്രസിഡന്റാക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുതുശ്ശേരിയിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് ഒമ്പതും സീറ്റുണ്ട്. ബി.ജെ.പിക്കും സ്വതന്ത്രർക്കും രണ്ടുവീതം സീറ്റും. ഇവിടെ സ്വതന്ത്രരുടെ നിലപാട് നിർണായകമാകും. മുതലമടയിൽ 9 സീറ്റുള്ള എൽ.ഡി.എഫിനാണ് സാധ്യത. യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് മൂന്നും സ്വതന്ത്രർക്ക് രണ്ടും സീറ്റുണ്ട്. ഇവിടെ സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാലും യു.ഡി.എഫിന് അധികാരം പിടിക്കാൻ കഴിയില്ല. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് 10, യു.ഡി.എഫിന് 8, എസ്.ഡി.പി.ഐ 3, ബി.ജെ.പിക്ക് ഒരു സീറ്റുമുണ്ട്. ഇവിടെ ഭരണത്തിൽ പങ്കാളിത്തം നൽകുന്നവർക്ക് മാത്രമേ പിന്തുണയുള്ളൂവെന്നാണ് എസ്.ഡി.പി.ഐ നിലപാട്. ഷൊർണൂർ നഗരസഭ എസ്.ഡി.പി.ഐ പിന്തുണയോടെ ഇടത് പിടിച്ചത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

 ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്രസിഡന്റ്
തി​ര​ഞ്ഞെ​ടു​പ്പും​ ​ഇ​ന്ന്

ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ്ര​സി​ഡ​ന്റ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഇ​ന്ന് ​യ​ഥാ​ക്ര​മം​ ​രാ​വി​ലെ​ 11​നും​ ​ഉ​ച്ച​യ്ക്ക് 2​നും​ ​വ​ര​ണാ​ധി​കാ​രി​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ന​ട​ത്തു​മെ​ന്ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.